മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്തിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ വിനീത് കുമാറിനെയും അംഗങ്ങളായ ജോളി ജോൺ, റിൻസി തോമസ്, ജൂലി കെ.വർഗീസ്, കെ.നാരായണൻ, രശ്മി മോൾ കെ.വി എന്നിവരെ പഞ്ചായത്ത് കമ്മിറ്റിയിൽ തടയുകയും, അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും, കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത എൽ.ഡി.എഫ് അംഗം ഷിജു പികുരുവിളെയും മറ്റ് അംഗങ്ങളെയും നിലയ്ക്ക് നിറുത്താൻ എൽ.ഡി.എഫ് തയാറാകണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. എൽ.ഡി.എഫ് അംഗങ്ങൾക്ക് ഇടയിലുള്ള പോര് പഞ്ചായത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. എൽ.ഡി.എഫിന്റെ പ്രസിഡന്റ് സൗമ്യ ജോബി നടത്തുന്ന എല്ലാ യോഗങ്ങളും എൽ.ഡി.എഫ് അംഗങ്ങൾ തന്നെ ബഹിഷ്കരിക്കുന്നത് പതിവായിരിക്കുകയാണ്. യു.ഡി.എഫ് അംഗങ്ങളെ കൂടി പഞ്ചായത്തിന്റെ യോഗത്തിൽ നിന്നും മാറ്റി നിർത്തുവാനുള്ള തന്ത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യു.ഡി.എഫ് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.