turisam
കടവുപുഴയിലെ മലനിരകളുടെ പുലർകാല ദൃശ്യം

കോന്നി : ടൂറിസം ഗ്രാമംപദ്ധതിയുടെ ഭാഗമാകുന്ന മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴ പ്രകൃതിഭംഗിയാൽ മനോഹരമാണ്. കല്ലാറിന്റെ ഇരുകരകളിലുമായി കിടക്കുന്ന റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ വനമേഖലയിലെയും ഹാരിസൺസ് മലയാളം പ്ലാന്റേഷനിലെയും കാഴ്ച്ചകൾ സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ നൽകും. കടവുപുഴ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെ.യു.ജനീഷ്‌കുമാർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ സെപ്തംബറിൽ സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. കോന്നി ടൂറിസംപദ്ധതിയുടെ ഭാഗമായി കടവുപുഴയെ ഉൾപ്പെടുത്തും. ബ്രിട്ടീഷുകാർ നിർമ്മിച്ച ബംഗ്ലാവ് മനോഹരമായി പുനർനിർമ്മിച്ചു സഞ്ചാരികളെ ആകർഷിക്കും. എസ്‌റ്റേറ്റിനുള്ളിലെ വെള്ളച്ചാട്ടങ്ങൾ, റോഡുകൾ തുടങ്ങിയവും പദ്ധതിയുടെ ഭാഗമാക്കും. വിനോദസഞ്ചാരത്തിന്റെ ഭാഗമായി സൈക്ലിംഗ് ആരംഭിക്കും. എസ്റ്റേറ്റിലെ ഉയർന്ന കുന്നിൻമുകളിലേക്കുള്ള മൺപാതകൾ സൈക്ലിംഗിന് അനുയോജ്യമാണ്. കുന്നുകളും മലകളും ദീർഘദൂര കാഴ്ച്ചകൾ സമ്മാനിക്കുന്ന കടവുപുഴയിൽ ഉപയോഗശൂന്യമായി കിടക്കുന്ന ക്വാർട്ടേഴ്‌സുകൾ നവീകരിച്ചു സഞ്ചാരികൾക്ക് താമസസൗകര്യങ്ങൾ ഒരുക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. എസ്റ്റേറ്റ് റോഡുകളിൽ കുതിര സവാരി നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തും. രാവിലെയും വൈകിട്ടും കോടമഞ്ഞു നിറയുന്നതാണിവിടുത്തെ മലനിരകൾ. കോന്നി ടൂറിസം ഗ്രാമംപദ്ധതിയുടെ മാസ്റ്റർ പ്ളാൻ കഴിഞ്ഞ ജനുവരിയിൽ അവതരിപ്പിച്ചിരുന്നു. ഒരു പഞ്ചായത്തിൽ രണ്ടിൽ കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, ഡി.ടി.പി.സി , ടൂറിസം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ പൊതു,സ്വകാര്യ മൂലധനം മുടക്കിയാണ് പദ്ധതി തയ്യാറാക്കുന്നത്. പദ്ധതിയുടെ കരട് നിർദേശങ്ങൾ ജില്ലാകളക്ടറുടെയും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും മുൻപാകെ അവതരിപ്പിച്ചിരുന്നു.