
പത്തനംതിട്ട: 127-ാമത് മാരാമൺ കൺവെൻഷൻ ഇന്ന് മുതൽ 20 വരെ കോഴഞ്ചേരി പമ്പാ മണൽപ്പുറത്ത് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ചെന്നൈ ഗുരുകുൽ സെമിനാരി അദ്ധ്യാപകൻ റവ. ഡോ. ജോൺ സാമുവേൽ പൊന്നുസാമി മുഖ്യസന്ദേശം നൽകും.
ആംഗ്ലിക്കൻ സഭ ബിഷപ്പ് ദിലോരാജ് ആർ. കനകസാബെ (ശ്രീലങ്ക), എൻ.സി.സി ജനറൽ സെക്രട്ടറി റവ. അസിർ എബനേസർ, കൽദായ സഭയിലെ മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, സി.എസ്.ഐ ബിഷപ് മലയിൽ സാബു കോശി ചെറിയാൻ, യാക്കോബായ സഭയിലെ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ,
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ഡോ. വി.എസ്. പ്രിയ, പത്മശ്രീ ശോശാമ്മ വർക്കി, ഡോ. വിനിൽ പോൾ എന്നിവർ വിവിധ ദിവസങ്ങളിൽ സംസാരിക്കും.
കൊവിഡ് പശ്ചാത്തലത്തിൽ കൺവെൻഷന് 1500 പേരെ പങ്കെടുപ്പിക്കാൻ അനുമതിയുണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവ് ആയതിന്റെ രേഖയോ കൈവശമുള്ള 18 വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം.