1
സോമശേഖരൻ പിള്ള തന്റെ താമരക്കുളത്തിന് സമീപം

മല്ലപ്പള്ളി : പെരുമ്പെട്ടിയിലെ കുളത്തുങ്കൽ പാടശേഖരം താമരപ്പൊയ്കയായി മാറിയതിന് പിന്നിൽ ഇളംതുരുത്തിയിൽ സോമശേഖരൻപിള്ളയുടെ അദ്ധ്യാനമാണുള്ളത്. സ്വന്തമായുള്ള 50 സെന്റ് പാടത്തിന്റെ പകുതിയും വാണിജ്യാടിസ്ഥാനത്തിൽ താമരക്കൃഷിക്കായി മാറ്റിയിരിക്കുന്നു. 3.5 മീറ്റർ താഴ്ചയിൽ 6 മീറ്റർ വീതിയിലും 30 മീറ്റർ നീളത്തിലുമാണ് താമരക്കുളം നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു ഫാമിൽ നിന്ന് വിത്തുകൾ എത്തിച്ച് ഇപ്പോൾ 1100ൽ അധികം വിവിധയിനം പൂക്കൾ വിരിയിച്ച് വസന്തകാലമൊരുക്കി. ലേഡി ബിൻഗിൻ , പിങ്ക് ക്ലൗഡ് , അൻ മോൻഡ്, സൺ ഷൈൻ എന്നീ ഇനങ്ങളുടെ വൈവിദ്ധ്യമാണ് കുളത്തിലുള്ളത്.

വിവിധ ക്ഷേത്രങ്ങളിൽ അടക്കം താമരപ്പൂവിന് ആവശ്യക്കാർ ഇവിടെ എത്താറുണ്ട്. സാധാരണ താമരയുടെകൂടെ സഹസ്രദള പദ്മവും വിരിയുന്നുണ്ട്. താമരക്കുളത്തിന് ചുറ്റുമുള്ള 25 സെന്റിൽ ചീരയും, പാവലും, പയറും, വെണ്ടയുമടങ്ങുന്ന ജൈവപച്ചക്കറി കൃഷിയുമുണ്ട്. ഗോമൂത്രവും ചാണകവും പഞ്ചഗവ്യവുമാണ് വളമായി ഉപയോഗിക്കുന്നത്. ഇതിനായി മൂന്ന് പശുക്കളെ തൊടിയിൽ തന്നെ കൂട് തീർത്ത് പരിപാലിക്കുന്നുണ്ട്. പശുവിനുള്ള തീറ്റപ്പുല്ലും ഇവിടെ വിളയിക്കുന്നു. റബറിനും മരച്ചീനിക്കും വാഴയ്ക്കും പിന്നാലെ താമരക്കൃഷിയും ജില്ലയെ സമ്പന്നമാക്കുകയാണ്. മൂന്നര ഏക്കർ ഭൂമി പാട്ടത്തിന് എടുത്തും സോമശേഖരൻപിള്ള കൃഷി ചെയ്യുന്നുണ്ട്. ഭാര്യ വത്സലയാണ് സഹായി.