
തെങ്ങമം : മത്സരത്തിനായെഴുതിയ നാടിന്റെ ചരിത്രം ഇന്ന് പുസ്തകമായി പുറത്തിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് പള്ളിക്കൽ ഇളംപള്ളിൽ കൊല്ലൻപറമ്പിൽ വീട്ടിൽ ആർ.രഞ്ജിനി. രഞ്ജിനിയെഴുതിയ പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം പള്ളിക്കലപ്പൻ നാളെ വൈകിട്ട് 3ന് തെങ്ങമം ഗവ.ഹയർ സെക്കൻഡറിസ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനംചെയ്യും. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് ആദ്യകോപ്പി ഏറ്റുവാങ്ങും. 2017ൽ രഞ്ജിനി പയ്യനല്ലൂർ ഹൈസ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന സമയത്ത് തുവയൂർ ശിലാമ്യൂസിയം നടത്തിയ ചരിത്രരചനാ മത്സരത്തിന്റെ ഭാഗമായിട്ടാണ് രഞ്ജിനി ജന്മനാടായ പള്ളിക്കലിന്റെ ചരിത്രം തേടിയിറങ്ങുന്നത്. മത്സരത്തിൽ പങ്കുചേർന്ന രഞ്ജിനി ഒന്നാംസ്ഥാനം നേടി. പിന്നീട് ഇത് പൈതൃകംതേടി പള്ളിക്കൽ എന്നപേരിൽ ഡോക്യുമെന്ററിയായിരുന്നു. ഡോക്യുമെന്ററി കണ്ടവർ കൂടുതൽ വിപുലീകരിച്ചെഴുതണം എന്ന് രഞ്ജിനിയോട് ആവശ്യപെടുകയുണ്ടായി. തുടർന്ന് നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായി ലഭിച്ച കൂടുതൽ വിവരങ്ങൾ കൂടി ചേർത്താണ് പുസ്തകം രചിച്ചത്. ഡോ.പഴകുളം സുഭാഷും മേടയിൽ എം.ആർ.നാരായണനുണ്ണിത്താനും ആണ് അവതാരിക എഴുതിയത്. പള്ളിക്കലിന്റെ ബുദ്ധ സംസ്കാരം മുതൽ കൊവിഡ് കാല സംഭവങ്ങൾ വരെ കൃത്യമായി വിവരിക്കുന്ന പുസ്തകത്തിൽ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ച ഇ.വി.കൃഷ്ണപിള്ള , മുൻഷി പരമുപിള്ള , അടൂർ ഭാസി ,അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ വരെ പറ്റിയെല്ലാം വിശദമായി പ്രതിപാദിക്കുന്നു. ജില്ലാപഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ രഞ്ജിനിയെ ആദരിക്കും.
ശ്രീ ബോധി ബുക്സ് ലോഗോ സാഹിത്യകാരൻ സി.റഹിം പ്രകാശനം ചെയ്യും.