
പത്തനംതിട്ട : മാരാമൺ കൺവെൻഷന്റെ 127ാമത് മഹായോഗം ഇന്ന് മുതൽ 20 വരെ പമ്പാ മണൽപ്പുറത്ത് തയാറാക്കിയ പന്തലിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ചെന്നൈ ഗുരുകുൽ സെമിനാരി അദ്ധ്യാപകൻ റവ.ഡോ.ജോൺ സാമുവേൽ പൊന്നുസാമി മുഖ്യസന്ദേശം നൽകും.
നാളെ മുതൽ ശനി വരെ രാവിലെ 10നും വൈകിട്ട് 5നും പൊതുയോഗങ്ങൾ നടക്കും. രാവിലെ 7.30 മുതൽ 8.30 വരെ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി സംയുക്ത ബൈബിൾ ക്ലാസുകളും ഉണ്ടാകും. കുട്ടികൾക്കായുള്ള ബൈബിൾ ക്ലാസുകൾ നാളെ മുതൽ 19 വരെ രാവിലെ 7.30ന് ഓൺലൈനായി നടക്കും.
യുവവേദി യോഗങ്ങൾ 17 മുതൽ19 വരെ വൈകിട്ട് 3.30ന് നടക്കും. ജില്ലാകളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ഡോ.വി.എസ്.പ്രിയ, പത്മശ്രീ ശോശാമ്മ വർക്കി, ഡോ. വിനിൽ പോൾ എന്നിവർ യുവവേദി യോഗങ്ങളിൽ സംസാരിക്കും.
രാവിലെ 10നും വൈകിട്ട് 5നും നടക്കുന്ന പൊതുയോഗങ്ങൾക്കു പുറമെ രാവിലെ 7.30 മുതൽ 8.30 വരെ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി സംയുക്ത ബൈബിൾ ക്ലാസുകളും നടക്കും. കുട്ടികൾക്കായുള്ള ബൈബിൾ ക്ലാസുകൾ രാവിലെ 7.30ന് ഓൺലൈനായി നടത്തും.
20ന് വൈകിട്ട് 3ന് സമാപനസമ്മേളനത്തിൽ റവ. ഡോ. ജോൺ സാമുവേൽ പൊന്നുസാമി മുഖ്യസന്ദേശം നൽകും.
കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തും
മാരാമൺ കൺവെൻഷൻ സ്ഥലത്തേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തും. ഇതിനായി അഞ്ച് ബസുകൾ വീതം പത്തനംതിട്ട, തിരുവല്ല ഡിപ്പോകൾക്ക് അനുവദിച്ചു.
തിരുവല്ല ഡിപ്പോയിൽ നിന്നും തിരുവല്ല കോഴഞ്ചേരി മാരാമൺ അധിക സർവ്വീസുകൾ നടത്തും. പത്തനംതിട്ടയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മാരാമണിലേക്ക് സർവ്വീസുകൾ ക്രമീക്കണങ്ങളും നടത്തിയതായി സി.എം.ഡി അറിയിച്ചു. ഇതിനായി പത്തനംതിട്ട യൂണിറ്റ് ഓഫീസർക്ക് പൂർണ ചുമതലയും, തിരുവല്ല യൂണിറ്റ് ഓഫീസർക്ക് മാരാമൺ കൺവെൻഷൻ സെന്ററിലേക്ക് ആവശ്യത്തിന് ജീവനക്കാരെ ഉൾപ്പെടുത്തി സർവ്വീസ് നടത്താനുള്ള ചുമതലയും താത്കാലിക സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും പ്രവർത്തിക്കാനുള്ള അനുമതിയും നൽകി.
1500 പേർക്ക് പങ്കെടുക്കാം
കൊവിഡ് പശ്ചാത്തലത്തിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിച്ച് മാരാമൺ കൺവെൻഷൻ നടത്താൻ അനുമതി നൽകിയതായി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.
72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കൈവശമുള്ള 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം പാടുള്ളു. രോഗലക്ഷണമില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാം.
പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് മുഴുവൻ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം. പന്തലിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യാൻ പാടില്ല.