പ്രമാടം : പഞ്ചായത്തിന്റെ പ്രധാന ഉപകേന്ദ്രമായ പൂങ്കാവ് മാലിന്യ പൂരിതം. പഞ്ചായത്തിലെ പ്രധാന മാർക്കറ്റ് കൂടി സ്ഥിതി ചെയ്യുന്ന ഇവിടെ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ജംഗ്ഷനോട് ചേർന്നുള്ള മല്ലശേരി സെന്റ് മേരീസ് പള്ളിക്കും മലങ്കര കത്തോലിക്കാ പള്ളിക്കും മദ്ധ്യേയുള്ള ഉപറോഡിലാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായിരിക്കുന്നത്. കോന്നി, ളാക്കൂർ, കുമ്പഴ ഭാഗങ്ങളിൽ നിന്ന് പൂങ്കാവ് കവല ചുറ്റിക്കറങ്ങാതെ പ്രമാടം -പത്തനംതിട്ട റോഡിലേക്ക് എളുപ്പമാർഗം എത്തുന്ന റോഡുകൂടിയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യ, മാംസാദികളുടെ അവശിഷ്ടങ്ങൾ വരെ ഇവിടേക്ക് വലിച്ചെറിഞ്ഞിരുന്നു.വാഹനങ്ങൾ കയറിയിറങ്ങിയും പക്ഷി-മൃഗാദികൾ കൊത്തിവലിച്ചും മാലിന്യം പ്രദേശമാകെ പരന്ന് കിടക്കുന്നത് പുലർച്ചെ സമയങ്ങളിലെ പതിവ് കാഴ്ചയാണ്. പിന്നീട് വാഹനങ്ങൾ കയറിയിറങ്ങി ഇവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും. അസഹ്യമായ ദുർഗന്ധം കാരണം സമീപ വീടുകളിലുള്ളവർക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. സപ്ളൈക്കോ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പോസ്റ്റ് ഓഫീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഉപറോഡിന് സമീപം സ്ഥിതി ചെയ്യുന്നുണ്ട്. പൂങ്കാവ് ജംഗ്ഷന് സമീപത്തെ മറ്റ് ഉപറോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

പരാതി നൽകിയിട്ടും നടപടിയില്ല

പത്തനംതിട്ടയിൽ നിന്നും കോന്നിൽ നിന്നും വരെ ആളുകൾ പൂങ്കാവ് കേന്ദ്രീകരിച്ച് മാലിന്യ നിക്ഷേപത്തിന് എത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഇത് സംബന്ധിച്ച് പ്രമാടം പഞ്ചായത്തിൽ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പത്തനംതിട്ട നഗരസഭയും സമീപ പഞ്ചായത്തുകളും ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഇവർ പൂങ്കാവ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് രാത്രികാല പെട്രോളിംഗ് ഉൾപ്പെടെ ശക്തിപ്പെടുത്തന്നെന്നും ഇവർ ആവശ്യപ്പെട്ടു.