death

തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഭർതൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മല്ലപ്പള്ളി കുന്നന്താനം ചെങ്ങരൂർചിറ നാട്ടുവാതുക്കൽ മിഥുന്റെ ഭാര്യ അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം. ഭർതൃമാതാവ് അജിതാ സുരേന്ദ്രനെ ശബരി എക്സ്പ്രസിൽ ഹൈദരാബാദിലേക്ക് യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു അനു. ഹൈദരാബാദിലുള്ള ഭർത്താവിനരികിലേക്ക് പോവുകയായിരുന്നു അജിത.

കമ്പാർട്ടുമെന്റിനുള്ളിൽ ലഗേജ് എത്തിച്ച് പുറത്തേക്കിറങ്ങാനൊരുങ്ങുമ്പോൾ ട്രെയിൻ പുറപ്പെട്ടുതുടങ്ങിയിരുന്നു. തിടുക്കത്തിൽ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. ഇരുകാലുകളും അറ്റ അനുവിനെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ ഭർതൃമാതാവ് യാത്ര അവസാനിപ്പിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരികെ വീട്ടിലെത്തുകയായിരുന്നു.

ചങ്ങനാശേരി കോട്ടമുറി ഇരുപ്പാപ്പുരയിടത്തിൽ ഓമനക്കുട്ടന്റെയും രാധാമണിയുടെയും മകളാണ് അനു. രണ്ടുവർഷം മുമ്പായിരുന്നു മിഥുനുമായുള്ള വിവാഹം. ദുബായിൽ എൻജിനീയറായ മിഥുനൊപ്പമായിരുന്ന അനു ഒരുമാസം മുമ്പ് സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയതാണ്. രണ്ടുദിവസത്തിനുശേഷം തിരികെ പോകാനിരിക്കെയാണ് ദാരുണാന്ത്യം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.