പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ കാലപഴക്കമേറിയ കലുങ്ക് പൊളിച്ച് നീക്കി പുതിയത് പണിയാൻ പി.ഡബ്യൂ.ഡി ശ്രമം ആരംഭിച്ചു. കളക്ടറേറ്റ് ഭാഗത്ത് നിന്ന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ പ്രവേശിക്കുമ്പോൾ ഇടതുവശത്ത് രക്തസാക്ഷി മണ്ഡപം മുതൽ റോഡിന്റെ മദ്ധ്യഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റ് വരെയുള്ള സ്ഥലത്തെ കലുങ്കാണ് പുതുക്കിപണിയുന്നത്.
20മീറ്റർ നീളത്തിൽ കലുങ്ക് പുനർനിർമ്മിക്കും. പഴയ കലുങ്ക് കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതിനാലാണ് പുതുക്കി പണിയാൻ എസ്റ്റിമേറ്റ് സമർപ്പിച്ചത്. കൂടാതെ ജംഗ്ഷനിൽ ഫ്രീലെഫ്റ്റ് ട്രാഫിക് സുഗമമാക്കാൻ വീതി കൂട്ടുന്നതിനും ഇത് അത്യാവശ്യം ആയിരുന്നു . നിലവിലുള്ളതിനേക്കാൾ മൂന്ന് മീറ്റർ വീതി ഇത് മൂലം റോഡിന് ലഭിക്കും. സ്റ്റേഡിയം ജംഗ്ഷനിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് മാത്രമേ ഗതാഗത ക്രമീകരണമുള്ളു. മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് പണി തടസമാവില്ല. ഇവിടെ ബാരിക്കേഡ് വച്ച് മറച്ചിട്ടുണ്ട്.
മഴമൂലവും ശബരിമല തീർത്ഥാടനകാലത്തെ തിരക്ക് കാരണവും നിർമ്മാണം നീണ്ടു പോകുകയായിരുന്നു. 25ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം നടത്തുന്നത്. ഒന്നരമാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് ശ്രമമെന്ന് പി.ഡബ്യൂ.ഡി അധികൃതർ പറയുന്നു.
ഗതാഗത നിയന്ത്രണം
കലുങ്ക് പണി നടക്കുന്നതിനാൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്റ്റേഡിയം ജംഗ്ഷനിൽ വരുന്ന വാഹനങ്ങൾ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസ് റോഡ് വഴി തിരിഞ്ഞുപോകണം. ട്രാഫിക് സിഗ്നലും ഓഫാക്കിയിട്ടുണ്ട്.
" പണികൾ ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കും. നിലവിൽ മണ്ണുനീക്കി തുടങ്ങിയതേയുള്ളു. പഴയ കലുങ്ക് പൊളിച്ചിട്ടാണ് പുതിയ കലുങ്ക് നിർമ്മിക്കുക. "
പി.ഡബ്യൂ.ഡി അധികൃതർ