റാന്നി: കാട്ടുപന്നി ശല്യം ഏറ്റവും രൂക്ഷമായ റാന്നി താലൂക്കിലെ നാറാണംമൂഴി, വെച്ചൂച്ചിറ, അങ്ങാടി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളെ ഹോട്സ് സ്പോട്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിൽ കർഷകർക്ക് പ്രധിഷേധം. ജില്ലയിൽ ഏറ്റവും ആദ്യം ജനജാഗ്രത സമിതി രൂപീകരിക്കുകയും കാട്ടു പന്നിയെ വെടിവച്ച് കൊല്ലുകയും ചെയ്ത പഞ്ചായത്തുകളാണ് അങ്ങാടിയും നാറാണംമൂഴിയും. ഈ പഞ്ചായത്തുകൾ പോലും കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കേണ്ട ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. കാട്ടുപന്നികൾ വെടിവയ്ക്കാനും മറ്റും പോകുന്ന സംഘത്തിൽ പോലും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടെന്നിരിക്കെ എങ്ങനെ ഇത്തരമൊരു വീഴ്ച സംഭവിച്ചു എന്നുള്ളത് അന്വേഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കേന്ദ്ര സർക്കാർ അയച്ച ലിസ്റ്റിൽ കോന്നിയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഉൾപ്പെട്ടപ്പോൾ റാന്നിയുടെ പ്രധാന പഞ്ചായത്തുകളാണ് ഒഴിവാക്കപ്പെട്ടത്. രണ്ടു നിയോജക മണ്ഡലങ്ങളും വനമാൽ ചുറ്റപ്പെട്ടതുമാണ്. അടിയന്തരമായി അധികൃതർ ഇടപെട്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ട വില്ലേജുകളെ ഉൾപ്പെടുത്തിയില്ലെങ്കിൽ കർഷകരുടെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ജില്ലാ ജനകീയ കർഷക സമിതി വേണ്ടി ചെയർമാൻ ജോണ്‍ മാത്യു ചക്കിട്ടയിൽ അറിയിച്ചു.