s

ശബരിമല : കുംഭമാസ പൂജകൾക്കായി ഇന്നലെ വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശബരിമല ക്ഷേത്രനട തുറന്നു. ഭഗവാനെ ധ്യാനിദ്രയിൽ നിന്നുണർത്തി ശ്രീലകത്ത് ദീപം പകർന്ന ശേഷം ഉപദേവതാ ക്ഷേത്രങ്ങളിൽ ദീപം തെളിച്ച് പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു. ഭക്തർക്ക് ഇന്നുമുതലാണ് ദർശനം. ഇന്ന് പുലർച്ചെ 5 ന് അഷ്ടാഭിഷേകത്തോടെ പൂജാ ചടങ്ങുകൾ തുടങ്ങും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതി ഹോമം. 17 വരെ പൂജകളുണ്ട്. ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ അഞ്ചുദിവസങ്ങളിലുമുണ്ടാകും. രാവിലെ 5.30 മുതൽ 10.30 വരെ നെയ്യഭിഷേകം നടത്താം. 15,000 പേർക്കാണ് പ്രതിദിനം കൊവിഡ് മാനദണ്ഡം അനുസരിച്ച് വെർച്വൽക്യൂ വഴി ദർശനാനുമതി നൽകിയിരിക്കുന്നത്. സ്പോട്ട് ബുക്കിംഗ് സൗകര്യമില്ല. ദർശനത്തിനെത്തുന്നവർ 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ രണ്ട് ഡോസ് പ്രതിരോധ വാക്സിനെടുത്ത സർട്ടിഫിക്കറ്റോ കരുതണം.പമ്പ - നിലയ്ക്കൽ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ ചെയിൻ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പാനദി വറ്റിവരണ്ടതിനെ തുടർന്ന് സ്നാന ഘട്ടങ്ങളിൽ വെള്ളം ലഭ്യമാക്കുന്നതിനായി കുള്ളാർ അണക്കെട്ടിൽ നിന്ന് ഇന്ന് പുലർച്ചെ മുതൽ 17 വരെ 15,000 ഘന മീറ്റർ വെള്ളം തുറന്നുവിടും. 17 ന് രാത്രി 10 മണിക്ക് ക്ഷേത്രനട അടയ്ക്കും.