മൈലപ്രാ : കുമ്പഴ വടക്ക് പ്രദേശങ്ങളിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൈലപ്രാ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രാ പള്ളിപ്പടിയിൽ കെ.എസ്.ടി.പി കരാറുകാരന്റെ വാഹനങ്ങൾ തടഞ്ഞിട്ട് സമരം നടത്തി. ഒരു വർഷത്തിലേറെയായി ഈ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങിയിട്ട്. റോഡ് പണിമൂലം നേരത്തേ ഇട്ടിരുന്ന പൈപ്പുകൾ പൊട്ടിയിരുന്നു. അശാസ്ത്രീയമായ രീതിയിൽ പുതിയ പൈപ്പുകൾ ഇടുന്നത് വീണ്ടും പൊട്ടി പോകുന്ന സ്ഥിതിയാണ്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കാൻ വരുന്നില്ല. കെ.എസ്.ടി.പി ഉദ്യോഗസ്ഥരും റോഡ് സന്ദർശിക്കുന്നില്ല.
കൂടാതെ കുമ്പഴ വഴി റൂട്ട് അനുവദിച്ചിട്ടുള്ള ബസുകൾ പാത മാറി പള്ളിപ്പടിയിൽ നിന്നും കുറുക്കുവഴിക്ക് പത്തനംതിട്ടയ്ക്ക് പോകുന്നതിനെതിരെയും സമരം നടത്തി. ബസുകൾ വഴി തിരിച്ചു വിട്ടു. ഇനിയും വഴി മാറി ഓടിച്ചാൽ ബസ് സർവീസ് നടത്തുവാൻ സമ്മതിക്കില്ലെന്നും സമരസമിതി പറഞ്ഞു. മുൻ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ, നഗരസഭ കൗൺസിലർ എ.അഷറഫ്, പഞ്ചായത്ത് മെമ്പർമാർ, സജു മണിദാസ്, റെജി ഏബ്രഹാം,ജോൺ എം.സാമുവൽ, കെ.എസ്.പ്രതാപൻ, ഡോ.കെ.കെ. അജയകുമാർ, ഏബ്രഹാം മാമ്മൻ , അനിൽകുമാർ കെ.എന്നിവർ സമരത്തിന് നേതൃത്വം നൽകി.യുദ്ധകാലാടിസ്ഥാനത്തിൽ ജലക്ഷാമം പരിഹരിച്ചില്ലെങ്കിൽ നാളെ വാട്ടർ അതോറിറ്റി ഓഫീസും കെ.എസ്.ടി.പി പ്രോജക്ട് ഓഫീസും ഉപരോധിക്കും.