തിരുവല്ല: ഓൺലൈൻ ക്ലാസിനിടെ ആറാംക്ലാസ് വിദ്യാർത്ഥി ഇവാൻ വീട്ടുവളപ്പിൽ ചോളം വിളയിച്ചു. അപ്പർകുട്ടനാട്ടിൽ അപൂർവമായ ചോളകൃഷിയെ പരിപോഷിപ്പിച്ച് ശ്രദ്ധേയനാകുന്നത് നിരണം മാർത്തോമ്മൻ വിദ്യാപീഠത്തിലെ വിദ്യാർത്ഥി ഇവാൻ ടോം ജിജുവാണ്. ചെറുപ്പം മുതൽ കൃഷിയോട് താൽപ്പര്യമുള്ള ഇവാൻ, ചോളകൃഷിക്കൊപ്പം പച്ചക്കറി കൃഷിയും ചെയ്യുന്നു. വീടും മുറ്റവും കഴിഞ്ഞ് ബാക്കിയുള്ള 5 സെന്റിലാകെ നൂറ് മൂടോളം ചോളം കൃഷി ചെയ്തിട്ടുണ്ട്. രാവിലെയും വൈകിട്ടും മുടങ്ങാതെ വെള്ളം ഒഴിക്കും. ചാണകമാണ് വളം. കീടശല്യം ഇല്ലാത്തതിനാൽ മുരടിപ്പില്ലാതെ ചോളം ഇവാനേക്കാൾ പൊക്കത്തിൽ വളർന്നു. ഇവാന്റെ കൃഷിവൈഭവം കാണാൻ പലരും വീട്ടിലെത്താറുണ്ട്. നിരണം സ്വദേശി ജിജു വൈക്കത്തുശേരിയുടെയും ജെ. ബിന്ദുവിന്റേയും ഇളയ മകനാണ്. ചെറുപ്പം മുതൽ ചോളം ഏറെ ഇഷ്ടപ്പെടുന്ന ഇവാൻ ചോളം എവിടെ കണ്ടാലും മാതാപിതാക്കളെ കൊണ്ട് വാങ്ങിപ്പിച്ച് കഴിക്കാറുണ്ട്. വാഗമണ്ണിൽ ടൂറിന് പോയപ്പോൾ ചോളം വിൽക്കുന്നയാളിൽ നിന്ന് ഭക്ഷിക്കാൻ പറ്റാത്ത ഉണങ്ങിയ ഒരു ചോളം വാങ്ങി വീട്ടിൽ കൊണ്ടുവന്ന് കിളിപ്പിച്ച് പറിച്ചുനടുകയായിരുന്നു. കൊവിഡ് കാരണം സ്‌കൂളിൽ പോകാതെ ഓൺലൈൻ ക്ലാസ് ആയതിനാൽ കൃഷിചെയ്യാൻ ഏറെ സമയവും കണ്ടെത്തി. ചോളം കൂടാതെ കാബേജ്, ക്വാളിഫ്‌ളവർ, പയർ, പാവൽ, കോവൽ, പച്ചമുളക്, കാന്താരിയുമെല്ലാം ഈ കുട്ടികർഷകൻ കൃഷി ചെയ്യുന്നു. സഹായമേകി സഹോദരൻ ക്രിസ്റ്റിയും കൂടെയുണ്ട്.