grace
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഗ്രേസിനെ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുന്നു.

അടൂർ: ജില്ലാ സഹകരണ ബാങ്കിന്റെ അടൂർ ശാഖയിൽ നിന്ന് വായ്പ എടുത്തതിനെ തുടർന്ന് ജപ്തി നടപടി നേരിടുന്ന ചൂരക്കോട് സ്വദേശി ഗ്രേസിന്റെ വീട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു.ദത്തെടുത്ത മതാപിതാക്കൾ മരണപ്പെട്ടതോടെ ജീവിത തുരുത്തിൽ ഒറ്റപ്പെട്ട ഗ്രേസിന് സ്നേഹ സ്പർശമായി മാറി ചിറ്റയത്തിന്റെ സന്ദർശനം. അമ്മയുടെചികിത്സയ്ക്കായി അച്ഛൻ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ ഗ്രേസ് ബുദ്ധിമുട്ടുകയാണ് എന്നറിഞ്ഞായിരുന്നു ചിറ്റയം എത്തിയത്. എടുത്ത വായ്പ തിരിച്ചടയ്ക്കാൻ നിവർത്തിയില്ലാതെ ബാങ്ക് ജപ്തി നോട്ടീസ് അയയ്ക്കുകയും സ്ഥലം ജപ്തി ചെയ്ത് ബോർഡ് വെക്കുകയും ഗ്രേസിന് ഇത് തിരിച്ചടയ്ക്കാൻ യാതൊരു മാർഗവും ഇല്ല എന്ന കാര്യം അറിഞ്ഞാണ് ഡെപ്യൂട്ടി സ്പീക്കർ ഗ്രേസിനെ വീട്ടിൽ പോയി സന്ദർശിച്ചത്. എല്ലാ ബാദ്ധ്യതകളും തീർക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നൽകിയതിനൊപ്പം ഗ്രേസിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്ന് ചിറ്റയം ഗോപകുമാർ ഉറപ്പു നൽകി. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മണക്കാല രാജേഷ്, പഞ്ചായത്തംഗം അമ്പാടി രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, വാർഡ് മെമ്പർ സ്വപ്ന, അടൂർ നഗരസഭാ കൗൺസിലർ രാജി ചെറിയാൻ, ബീനാ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗവൺമെന്റുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയാണ് ചിറ്റയം മടങ്ങിയത്.