daily
ജനപ്രതിനിധികൾ ബസുകൾ വഴിതിരിച്ച് വിടുന്നു

പത്തനംതിട്ട : കുമ്പഴ , മൈലപ്രാ റൂട്ടിൽ ബസുകൾ സർവീസ് നടത്താത്തതിനാൽ യാത്രാ ക്ലേശം അതിരൂക്ഷം. സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിലും റോഡുപണി പൂർത്തിയായതിന്റെയും പശ്ചാത്തലത്തിൽ ഇതു വഴി പെർമിറ്റുള്ള ബസുകൾതന്നെ ഓടിക്കണമെന്നുണ്ടെങ്കിലും ബസ് സർവീസ് നടത്തുന്നില്ല. ചെറിയ ലാഭം നോക്കി പെർമിറ്റിന് വിരുദ്ധമായി ഓടുന്നതു വഴി വിദ്യാർത്ഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് വലയുന്നത്. കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞ സമയത്ത് കൂടുതൽ തുക മുടക്കി ടാക്‌സിയിലും ഓട്ടോയ്ക്കും മുടക്കാൻ സാധിക്കാത വെയിലത്ത് വിദ്യാർത്ഥികളടക്കമുള്ളവർ നടന്നാണ് യാത്ര ചെയ്യുന്നത്. ഇപ്പോൾ വാട്ടർ അതോറിറ്റിയുടെ പൊതു ടാപ്പുകൾ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് വെള്ളം കുടിക്കാനും സാദ്ധ്യമല്ല. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ നിർദ്ദിഷ്ട റൂട്ടുകളിൽ കൂടി തന്നെ സർവീസ് നടത്തണമെന്നാവശ്യപ്പെട്ട് മൈലപ്രാ പഞ്ചായത്ത് അംഗം റജി ഏബ്രാഹാം ആർ.ടി.ഒ, പത്തനംതിട്ട പൊലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി. ബസുകൾ പെർമിറ്റ് അനുസരിച്ച് തന്നെ ഓടിയില്ലെങ്കിൽ ശക്തമായ സമര നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുനിസിപ്പൽ കൗൺസിലറുമാരായ എ.അഷറഫ്, ഇന്ദിരാമണിയമ്മ , മൈലപ്ര ‌ പഞ്ചായത്ത് അംഗങ്ങളായ റജി ഏബ്രഹാം ,സാജു മണിദാസ് എന്നിവർ പറഞ്ഞു.