anganavadi

പത്തനംതിട്ട : കുഞ്ഞുപാട്ടുകളും കഥകളും കളിചിരികളുമായി വീണ്ടും അങ്കണവാടികൾ. കൊവിഡിനെ തുടർന്ന് പൂട്ടിയിട്ട അങ്കണവാടികൾ

ഇന്ന് വീണ്ടും തുറക്കുമ്പോൾ കളിപ്പാട്ടങ്ങളും ബലൂണുകളും വർണച്ചിത്രങ്ങളുമായി കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. പന്തുകളും എ ബി സി ഡി അക്ഷരങ്ങളും പസിൽസുകളും കുഞ്ഞുകൈകളെ കാത്തിരിക്കുന്നു. കളിച്ചുല്ലസിക്കാൻ കറങ്ങുന്ന കുതിരകളും റെഡി. ഇത്തവണ മിക്ക അങ്കണവാടികളിലും പുതിയ കളിയുപകരണങ്ങൾ എത്തിയിട്ടുണ്ട്. പരിസരങ്ങൾ വൃത്തിയാക്കി തോരണങ്ങളും ബലൂണുകളും കെട്ടി പ്രവേശനോത്സവം ചെറിയ ചടങ്ങായി നടക്കും.

മുൻവർഷങ്ങളിലെപ്പോലെ അങ്കണവാടികളിൽ കുട്ടികളെ ഒരുമിച്ച് ഇരുത്തില്ല. സർക്കാർ നിർദേശങ്ങൾ പാലിച്ച് പത്ത് കുട്ടികളുടെ ആദ്യ ബാച്ചിന് തുടർച്ചയായി മൂന്ന് ദിവസം അനുവദിക്കും. തുടർന്ന് അടുത്ത പത്ത് കുട്ടികൾ. കുട്ടികളെ സാമൂഹിക അകലം പാലിച്ച് ഇരുത്താൻ ക്രമീകരണങ്ങളായി. രാവിലെ 10 മുതൽ 12.30വരെയാണ് പ്രവർത്തനം. തുടർന്ന് ഭക്ഷണം നൽകി വീട്ടിൽ വിടും. നേരത്തെ രാവിലെ 10 മുതൽ 3.30വരെയായിരുന്നു അങ്കണവാടികളുടെ പ്രവർത്തനം. ഏകദേശം രണ്ട് വർഷത്തോളമായി അങ്കണവാടികളുടെ പ്രവർത്തനം നിലച്ചിട്ട്. 2020 മാർച്ച് ഒൻപതിനാണ് പൂട്ടു വീണത്. കളിക്കൊഞ്ചൽ എന്ന പരിപാടിയുമായി ഒാൺലൈൻ ക്ളാസുകൾ നടന്നു വരികയായിരുന്നു.

ആശങ്കയുണ്ടെങ്കിലും കുട്ടികളെയെത്തിക്കും

കൊവിഡിനെ ഭയന്ന് കുട്ടികളെ അങ്കണവാടികളിൽ എത്തിക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. എങ്കിലും എത്രനാൾ കുട്ടികളെ വീട്ടിലിരുത്തുമെന്നാണ് അവർ ചോദിക്കുന്നത്. മൂന്നര വയസുകാരി ഫാത്തിമയെ തൊട്ടടുത്ത അങ്കണവാടിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കുലശേഖരപതി ലക്ഷംവീട്ടിൽ നൗഫിയ നൗഷാദ്. ആദ്യമായി അങ്കണവാടിയിൽ എത്തുന്ന ചില കുട്ടികൾ വാവിട്ട് കരഞ്ഞേക്കാം. മാസ്കിന്റെ സുരക്ഷ ആ സമയത്ത് ഫലിക്കില്ല. കുട്ടികളെ രോഗം വലുതായി ബാധിക്കില്ലെന്ന ആശ്വാസമുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള സുരക്ഷതിത്വം ഒരുക്കുമെന്ന് അങ്കണവാടി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

വാക്സിനെടുത്ത രക്ഷിതാക്കൾ കുട്ടികളെ എത്തിക്കണം

വാക്സിൻ എടുത്ത രക്ഷിതാക്കൾ കുട്ടികളെ എത്തിക്കണമെന്ന് അങ്കണവാടി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പനിയുള്ളവരെയും മറ്റുരോഗങ്ങൾ ഉള്ളവരെയും തൽക്കാലം കൊണ്ടുവരേണ്ടതില്ല. അങ്കണവാടികൾ തുറക്കണമെന്നാണ് കൂടുതൽ രക്ഷിതാക്കളുടെയും അഭിപ്രായമെന്ന് അധികൃതർ പറഞ്ഞു.

ജില്ലയിൽ 1285 അങ്കണവാടികൾ

ഒരു അങ്കണവാടിയിൽ ഒരു വർക്കറും ഒരു ഹെൽപ്പറും