maraman-

പത്തനംതിട്ട: സമൂഹത്തിൽ ജീവന്റെ നിഷേധം വർദ്ധിച്ചുവരുന്നത് ആപത്താണെന്ന് മാർത്തോമ സഭ അദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മെത്രാപ്പൊലീത്ത പറഞ്ഞു. മാരാമൺ മണപ്പുറത്ത് 127ാമത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നാടായ കേരളത്തിൽ അടുത്തിടെയായി നടക്കുന്ന കൊലപാതക പരമ്പരകൾ ഉത്കണ്ഠാജനകമാണ്. വെറുപ്പിന്റെയും വിഭാഗീയതയുടെയും ഭാഷയിൽ സംസാരിക്കുന്നതും ഏറിവരുന്നു. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനത്ത് ഇത് ഉണ്ടാകാൻ പാടില്ല. രാജ്യത്തും നമ്മുടെ സംസ്ഥാനത്തും അസമത്വം നിലനിൽക്കുന്നു. സർക്കാരായാലും സഭയായാലും ജനങ്ങളെ പരിഗണിച്ചില്ലെങ്കിൽ വലിയ വിപത്തിനെ നേരിടേണ്ടി വരും. മനുഷ്യനാണ് പ്രധാനം. ഇൗ ചിന്ത ഇല്ലാതെ പോയാൽ ജനങ്ങൾ കുഴഞ്ഞുവീഴും. അസമത്വങ്ങൾക്ക് സ്ഥാനമില്ലാതെയാക്കാനുള്ള കടമ എല്ലാവർക്കുമുണ്ട്. ജനങ്ങളെ മുന്നിൽ കണ്ടുള്ള പദ്ധതികളാണ് വേണ്ടത്. പ്രകൃതി ചൂഷണത്തിലൂടെയും യാഥാർഥ്യങ്ങൾ മറച്ചുവച്ചും സുഖലോലുപതയിലേക്ക് എത്തിപ്പെട്ടവർക്ക് തിരിച്ചറിവിന്റെ കാലഘട്ടം കൂടിയാണിത്. ജനം ഭക്ഷണം ലഭിക്കാതെയും കുടിവെള്ളം കിട്ടാതെയും കഷ്ടപ്പെടുന്നയിടത്താണ് അനാവശ്യധൂർത്തും സുഖഭോജനവും നടക്കുന്നത്. ബുദ്ധിമുട്ടുന്നവനെ അറിയാതെ സ്വയം ആഘോഷിക്കുകയാണ് പലരും. ന്യൂനപക്ഷത്തിനുവേണ്ടി ഭൂരിപക്ഷം വരുന്ന മനുഷ്യൻ ഇല്ലാതെപോയാൽ ആർക്കുവേണ്ടിയാണ് ഈ വികസനം. കേന്ദ്രബഡ്ജറ്റിനെ ഈ ഒരു വീക്ഷണത്തിൽ വേണം വിലയിരുത്താൻ. വസ്തുക്കളെക്കാളും നിയമത്തേക്കാളും മനുഷ്യനാണ് പ്രാധാന്യം. മനുഷ്യനെ ഒഴിവാക്കിയുള്ള വികസന കാഴ്ചപ്പാടുകൾ മാറണം. വിശക്കുന്ന സമൂഹം വലിയവെല്ലുവിളിയായി നിലനിൽക്കുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തന്നെ ഉദാഹരണം. വിഭവങ്ങൾ പങ്കുവയ്ക്കുന്നവരായി നാം മാറണം. സഭാസമൂഹം ഇതിനായി നിരവധി പരിപാടികൾ നടപ്പാക്കി വരുന്നുണ്ട്. കൊവിഡ് മഹാമാരി ആരുടെയും ആശ നഷ്ടപ്പെടുത്തിയിട്ടില്ല. പ്രതിസന്ധികളിൽ കർമ്മ നിരതരാവേണ്ടതുണ്ടെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ. ജോൺ സാമുവേൽ പൊന്നുസാമി, റവ. ജിജി മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

മാർ ക്രിസോസ്റ്റത്തെ അനുസ്മരിച്ചു

ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാരാമൺ കൺവെൻഷനിൽ ഏറ്റവും കൂടുതൽ കാലം പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ അനുസ്മരിച്ചു. സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത ഉദ്ഘാടനപ്രസംഗം ആരംഭിച്ചത് ക്രിസോസ്റ്റത്തിന്റെ ഒാർമ്മകൾ പുതുക്കിയാണ്. മാരാമൺ കൺവെൻഷൻ പന്തലിന് എതിർവശത്തുള്ള ബിഷപ്പ് ഹൗസിൽ താമസിച്ചാണ് ക്രിസോസ്റ്റം അവസാനകാലങ്ങളിൽ കൺവെൻഷനിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞവർഷം മെയിലാണ് മെത്രാപ്പൊലീത്ത വിടവാങ്ങിയത്.