
പത്തനംതിട്ട : അന്ധകാരപൂർണമായ സാമൂഹ്യവ്യവസ്ഥിതിക്കെതിരെ ശക്തമായ പരിവർത്തനം നടത്തിയവരായിരുന്നു ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുദേവനുമെന്ന് കേന്ദ്രമന്ത്രി വി. മുരളിധരൻ പറഞ്ഞു. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയ ഉച്ചനീചത്വങ്ങളാലും വിഭാഗീയതയാലും ഹൈന്ദവ ജനത വിഘടിച്ചു നിന്നതിന്റെ അനൗചിത്യം മനസിലാക്കി പ്രവർത്തിക്കാൻ ആചാര്യന്മാർ രംഗത്തിറങ്ങി. ജീർണതകളെ മാറ്റി കാലോചിതമായ മാറ്റങ്ങൾ വരുത്തി നവോത്ഥാനം നേടാനായത് ആചാര്യന്മാരുടെ പ്രവർത്തനഫലമായാണ്. ജീവിത നിഷേധമല്ല ആദ്ധ്യാത്മികതയെന്ന് അവർ വ്യക്തമാക്കിത്തന്നു. എല്ലാത്തരം അനാചാരങ്ങൾക്കും എതിരെ ഹൈന്ദവ സമാജത്തെ ഒന്നിച്ച് അണിനിരത്തി പമ്പാ മണൽപ്പുറത്ത് ആരംഭിച്ച ഹിന്ദു മതപരിഷത്ത് സമൂഹത്തിൽ ഉന്നതിയുണ്ടാക്കി. ചട്ടമ്പിസ്വാമികൾ വേദാധികാര നിരൂപണത്തിലൂടെ വേദപഠനത്തിന്റെ സാർവജനീനത വെളിപ്പെടുത്തി. ശ്രീനാരായണ ഗുരു ആധുനിക ലോകത്തെ ശാസ്ത്രകാരന്മാർക്കും സ്വീകാര്യമാകുമാറ് അതിന് കാന്തിയും മൂല്യവും വരുത്തി ജീവിത പദ്ധതിയാക്കി. ഇന്ന് ഭാരതീയത പല വെല്ലുവിളികളേയും നേരിടുന്നു. കാലഹരണപ്പെട്ടുപോയ ദുരാചാരങ്ങൾക്കു വേണ്ടി ചിലർ വാദിക്കുന്നു. മറ്റുചിലർ ജാതീയതയ്ക്കകത്താണ്. ഇതെല്ലാം തിരുത്തപ്പെടേണ്ടതാണ്. ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ 110 വർഷങ്ങളായി ഏകതയുടെ മഹാസന്ദേശമാണ് നൽകുന്നതെന്ന് മുരളീധരൻ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ വിജ്ഞാനദാന വേദി : സ്വാമി സച്ചിദാനന്ദ
ഹിന്ദുമത കൺവെൻഷൻ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വിജ്ഞാനദാന വിദ്വത് വേദിയാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ വർക്കല ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി പറഞ്ഞു. ഭാരതീയ ദർശനം ലോകോത്തരമായ സംസ്കൃതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ചട്ടമ്പിസ്വാമികളുടെ ദർശനങ്ങളുടെ പഠനത്തിനായി കോൺഫറൻസ് ഹാൾ, ഹോസ്റ്റൽ സംവിധാനം ഉൾപ്പെടെ ശ്രീവിദ്യാധിരാജ ദർശന പഠനകേന്ദ്രം അനുവദിക്കണമെന്ന നിവേദനം ഹിന്ദുമത മഹാമണ്ഡലം ജനറൽ സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള കേന്ദ്രമന്ത്രിക്ക് നൽകി. അമൃതാനന്ദമയി മഠം അനഘാമൃതാനന്ദപുരി സമാപനസന്ദേശം നൽകി.
അഡ്വ. ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ് ശതാഭിഷേക എൻഡോവ്മെന്റ്, കലാഭവൻ പി.എൻ. ദാമോദരൻ പിള്ള എൻഡോവ്മെന്റ് എന്നിവ വിതരണംചെയ്തു. ഹിന്ദുമത മഹാമണ്ഡലം പ്രസിദ്ധീകരണങ്ങളായ പമ്പാതീർത്ഥം, പരിഷത്ത് പത്രിക എന്നിവയുടെ പ്രകാശനം നടത്തി.