canal

അടൂർ കരുവാറ്റയിൽ അടുത്തിടെ നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ മരിച്ച സംഭവം ഏവരെയും നൊമ്പരപ്പെടുത്തിയതാണ്. ഹരിപ്പാട്ടെ വധുവിന്റെ വസതിയിലേക്ക് കല്ല്യാണപ്പുടവ കൊടുക്കാൻ പോയ സംഘത്തിൽ പെട്ടവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കാറിൽ സഞ്ചരിച്ച മറ്റ് നാലുപേരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപെടുത്തുകയായിരുന്നു. കരുവാറ്റ അപകടം ഗുരുതരമായ ചില സുരക്ഷാ വീഴ്‌ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സംസ്ഥാനത്ത് പ്രധാന പാതകളുടെ വശംചേർന്ന് ജലസേചന കനാലുകളുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ പമ്പ ഇറിഗേഷൻ പദ്ധതി(പി.ഐ.പി)യുടെയും കല്ലട ജലസേചന പദ്ധതി(കെ.ഐ.പി)യുടെയും കനാലുകളാണുള്ളത്. വരൾച്ച രൂക്ഷമാകുന്ന കാലത്ത് കനാലുകളിലൂടെ ഒഴുക്കിവിടുന്ന വെള്ളമാണ് കൃഷിയിടങ്ങളിലും കിണറുകളിലുമെത്തുന്നത്. പത്തനംതിട്ട മണിയാർ ഡാമിൽ നിന്ന് പി.ഐ.പിയും കൊല്ലം തെൻമല ഡാമിൽ നിന്ന് കെ.ഐ.പിയും ജലവിതരണം നടത്തുന്നു. മണിയാറിൽ നിന്ന് ആരംഭിച്ച് ആലപ്പുഴ കാർത്തികപ്പള്ളിയിൽ അവസാനിക്കുന്നതാണ് പി.ഐ.പി കനാൽ. തെൻമലയിൽ നിന്ന് ആരംഭിച്ച് ആലപ്പുഴ ചാരുംമൂട്ടിലും കൊല്ലം ജില്ലയിലും അവസാനിക്കുന്നതാണ് കെ.ഐ.പി കനാൽ. ഇടതുകര, വലതുകര എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് പ്രധാന കനാലുകൾ. അവയ്ക്കെല്ലാം ഉപകനാലുകളുമുണ്ട്. പി.ഐ.പിക്ക് 500കിലോമീറ്ററും കെ.ഐ.പിയ്ക്ക് 1000കിലോമീറ്ററും നീളം വരും. നഗരങ്ങളിലൂടെയും സംസ്ഥാനപാതയ്ക്ക് വശങ്ങളിൽ കൂടിയും കടന്നു പോകുന്ന കനാലുകൾ തുടർച്ചയായി അപകടങ്ങൾക്ക് സാക്ഷിയായിട്ടും അവയ്ക്ക് സംരക്ഷണഭിത്തിയോ വേലികളോ നിർമിക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. അടൂർ കരുവാറ്റയിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ അപകടത്തിൽ പെട്ടവരെ ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് പുറത്തെടുത്തത്. കനാലിന് കൈവരികളില്ലാത്തത് രക്ഷാ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. ഒരു കൽക്കെട്ട് പോലുമില്ലാതെ നിരപ്പായി കിടക്കുന്ന കനാലിൽ ഇറങ്ങാൻ പരിചയമുള്ളവർ വേണം. കനാലിലെ ഒഴുക്ക് വേഗത്തിലായതിനാൽ രക്ഷാപ്രവർത്തനത്തിനും അത്തരം പരിചയമുള്ളവർക്കേ പറ്റൂ. എം.സി റോഡ്, കെ.കെ റോഡ്, ടി.കെ റോഡ്, ബൈപാസ്, എൻ.എച്ച് തുടങ്ങിയ റോഡുകൾക്ക് കുറുകെയും സമാന്തരമായും കനാലുകൾ കടന്നുപോകുന്നുണ്ട്. ഇവയ്ക്കൊന്നിനും കൈവരികളില്ല. റോഡിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് കനാലുകൾ മിക്കതും. നിയന്ത്രണം വിടുന്ന വാഹനങ്ങൾ കനാലിലേക്ക് പാളി വീഴാൻ സാദ്ധ്യതയേറെയാണ്. രണ്ടും മൂന്നും മീറ്റർ വീതിയിലാണ് റോഡുകളധികവും. വലിയൊരു വാഹനം എത്തിയാൽ കടന്നുപോകാൻ ബുദ്ധിമുട്ടാണ്.

പ്രധാന റോഡുകൾക്ക് സമാന്തരമായുള്ള കനാലുകൾക്ക് സുരക്ഷാ വേലി നിർമിക്കണമെന്ന് അഗ്നിരക്ഷാസേന പല തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. വലിയ ചെലവില്ലാതെ ക്രാഷ് ബാരിയറുകളും അതിൽ റിഫ്ളക്ടറുകളും സ്ഥാപിക്കാവുന്നതാണ്. കനാലുകളോട് ചേർന്ന് റോഡുകളും നടപ്പാതകളും നിർമിച്ചിട്ടുണ്ട്. ഇതുവഴി വലിയ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും അമിത വേഗതയിൽ പായുന്നത് പതിവ് കാഴ്ചകളാണ്. നടപ്പാതകളാണെങ്കിലും ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരടക്കം കനാലിലേക്ക് വീഴാൻ സാദ്ധ്യതയേറെയാണ്. റോഡുകളിലെ കൊടുംവളവുകളോട് ചേർന്ന ഭാഗത്തു പോലും കനാലുകൾക്ക് സംരക്ഷണ ഭിത്തിയില്ല. അമിത വേഗതയിൽ പായുന്നതും നിയന്ത്രണം വിട്ടതുമായ ബസുകൾ കനാലുകളിൽ പതിച്ചാലുള്ള ഗൗരവതരമായ സ്ഥിതിവിശേഷം മുൻകൂട്ടി കാണേണ്ടതുണ്ട്. ശക്തമായ ഒഴുക്കിൽ മനുഷ്യജീവനുകളെ രക്ഷിക്കാനുള്ള ശ്രമം വലിയ വെല്ലുവിളികൾ നിറഞ്ഞതാണ്. അടൂരിലെ സംഭവം തന്നെ ഇതിന് ഉദാഹരണം. കനാലിൽ പതിച്ച കാറിലുണ്ടായിരുന്നവരെ പെട്ടെന്ന് രക്ഷപ്പെടുത്താൻ മാർഗമൊന്നും ഉണ്ടായിരുന്നില്ല. ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനത്തിന് കനാലിലേക്ക് എടുത്തുചാടിയ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് എല്ലാവരെയും കരയ്ക്കെത്തിച്ചത്. വെള്ളം നിയന്ത്രിച്ചു വിടാനും വഴിതിരിച്ചു വിടാനും കനാലുകളിൽ ഷട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള ഇവയിൽ പലതും പ്രവർത്തനക്ഷമം അല്ലാത്തതാണ്. തുരുമ്പെടുത്തു നശിച്ചവയ്ക്ക് പകരം പുതിയത് സ്ഥാപിച്ചിട്ടില്ല. അപകടം നടക്കുമ്പോഴാണ് ഷട്ടറുകൾ എവിടെയാണെന്ന് തിരക്കുന്നതും എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന് നോക്കുന്നതും. വെള്ളം കടന്നുപോകുന്ന നെറ്റ് ഷട്ടറുകൾ സ്ഥാപിക്കുന്നത് നന്നായിരിക്കും. വൃത്തിയായി സൂക്ഷിക്കണമെന്ന് മാത്രം. നിശ്ചിത അകലത്തിൽ ഷട്ടറുകൾ സ്ഥാപിക്കുന്നത് അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഉപകരിക്കും. റോഡിനോട് ചേർന്ന് ആഴം കൂടിയ ഭാഗങ്ങളിൽ കനാലുകൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്. അടൂർ അപകടം വലിയൊരു പാഠമായി എടുക്കണം. വീതി കൂടിയ കനാലുകളിലേക്ക് ബസുകളും വലിയ വാഹനങ്ങളും മറിഞ്ഞുള്ള അപകടങ്ങളുടെ കാഴ്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്തിടെ കണ്ടതാണ്. അത്തരം സംഭവങ്ങൾ നമ്മുടെ സംസ്ഥാനത്തും സംഭവിച്ചു കൂടെന്നില്ല. വലിയ ദുരന്തം ഉണ്ടായിട്ട് മുൻകരുതലുകൾ എടുക്കുന്നതിന് പകരം മുൻകൂട്ടി തടയിടാനുള്ള സംവിധാനങ്ങളാണ് ഉണ്ടാകേണ്ടത്. പലയിടങ്ങളിലും കനാൽ അറ്റകുറ്റപ്പണികൾ നടക്കാറില്ല. മണ്ണിടിഞ്ഞും കാടുകയറിയും കടക്കുന്ന കനാലുകളിലൂടെയാണ് വേനൽക്കാലത്ത് വെള്ളം ഒഴുക്കിവിടുന്നത്. അറ്റകുറ്റപ്പണിക്ക് ആവശ്യമായ പണമില്ലെന്നാണ് ജലസേചനവകുപ്പ് അധികൃതർ പലപ്പോഴും പറയാറുള്ളത്. സർക്കാരിൽ നിന്ന് ഇതിനുള്ള ഫണ്ട് വർഷംതോറും അനുവദിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ പരിശ്രമങ്ങൾ ആവശ്യമാണ്.