thoyil

പള്ളിക്കൽ : കഴിഞ്ഞ നാല് മാസമായി ജില്ലയിലെ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് വേതനം പട്ടികജാതി വിഭാഗത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. എന്നാൽ ജനറൽ വിഭാഗത്തിന് കൂലി യഥാസമയം ലഭിക്കുന്നുമുണ്ട്. ഒരു തവണ ജോലി കഴിഞ്ഞാൽ വേതനം, അത് എത്ര ദിവസത്തെയാണങ്കിലും തൊട്ടടുത്ത ആഴ്ച അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതായിരുന്നു പതിവ്. ജനറൽ, എസ്.സി എന്ന വേർതിരിവില്ലാതെയാണ് ഫണ്ട് നൽകിയിരുന്നത്. 2021 ഏപ്രിൽ മുതൽ പട്ടികജാതിക്കാർക്ക് പ്രത്യേക ഫണ്ടിൽ നിന്നും ജനറൽ വിഭാഗത്തിന് ജനറൽ ഫണ്ടിൽ നിന്നുമാണ് വേതനം അനുവദിക്കുന്നത്. ഇതിൽ പട്ടികജാതി വിഭാഗത്തിനുള്ള ഫണ്ട് തീർന്നു പോയതാണ് ഇപ്പോൾ വേതനം മുടങ്ങാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ സാമ്പത്തിക വർഷം ഇത് രണ്ടാംതവണയാണ് ഫണ്ട് മുടങ്ങുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി പട്ടികജാതി വിഭാഗത്തിന് അനുവദിച്ച് നൽകിയ കിണർ, തൊഴുത്ത്, മറ്റ് നിർമ്മിതികൾ എന്നിവയുടെ മെറ്റീരിയൽഫണ്ടും ലഭിക്കുന്നില്ല. പലരും പണം പലിശയ്ക്കെടുത്താണ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുള്ളത്. ഈ തുകയും കേന്ദ്ര സർക്കാർ നൽകുന്നില്ല. വേതനം ലഭ്യമാക്കാൻ ജനപ്രതിനിധികളും സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.