ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്ത് കാര്യാലയത്തിന്റെ ആദ്യനിലയുടെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. മാർച്ച് രണ്ടാംവാരത്തോടെ ഒാഫീസിന്റെ പ്രവർത്തനം ഇവിടേക്ക് മാറ്റുകയാണ് ലക്ഷ്യം. വയറിംഗ് ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായി. പെയിന്റിംഗ് ജോലികളാണ് ഇനി ശേഷിക്കുന്നത്. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയകെട്ടിടത്തിലാണ് പഞ്ചായത്ത് ഒാഫീസ് പ്രവർത്തിച്ചുവരുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാഘട്ടത്തിൽ സ്റ്റേഡിയത്തിന് സമീപത്തായി നിർമ്മിച്ച കെട്ടിടം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് ഉദ്ഘാടനമാമാങ്കം നടത്തിയെങ്കിലും പണികൾ പലതും പാതിവഴിയിലായിരുന്നു. മൂന്ന് നിലയുള്ള കെട്ടിടമാണ് വിഭാവന ചെയ്തിരിക്കുന്നത്. നിലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ മുകളിൽ ഒന്നാം നില നിർമ്മിക്കുന്നതിനായി 75 ലക്ഷം രൂപ അടുത്ത വർഷത്തെ വാർഷിക പ്രോജക്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.തറനിരപ്പിലുള്ള കെട്ടിടം തുറന്നാലും നിലവിലെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകില്ല. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഒാഫീസ് മുറികളും ഭരണ നിർവഹണ വിഭാഗവുമായിരിക്കും ഇവിടെ പ്രവർത്തിക്കുക. ഒന്നാം നിലയിൽ എൻജിനീയറിംഗ് വിഭാഗം എൻ.ആർ.ഇ.ജി, കുടുംബശ്രീ എന്നിവയുടെ ഒാഫീസുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടാം നിലയിലാണ് പഞ്ചായത്ത് കമ്മിറ്റിയോഗം ചേരുന്നതിനുള്ള ഹാൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇൗ ലക്ഷ്യം പൂർത്തിയാക്കണമെങ്കിൽ ഇനിയും വർഷങ്ങളെടുക്കും. അതിനാൽ നിലവിലുള്ള പഴയ കെട്ടിടത്തിൽ തന്നെ പഞ്ചായത്ത് കമ്മിറ്റിയോഗം ചേരേണ്ടിവരും. പുതിയ കെട്ടിടം തുറക്കുന്നതോടെ നിലവിലുള്ള സ്ഥലപരിമിതിക്ക് ഒരുപരിധിവരെ പരിഹാരമാകുന്നതിനൊപ്പം ഒാഫീസ് പ്രവർത്തനവും കാര്യക്ഷമമാകും.കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് നിലവിലെ പഞ്ചായത്ത് ഒാഫീസിൽ വെള്ളം കയറിയിരുന്നു. ഇതോടെ കെട്ടിടത്തിന് ബലക്ഷയവും ഉണ്ടായിട്ടുണ്ട്.
അടുത്തമാസം പകുതിയോടെ പുതിയ കെട്ടിടത്തിലേക്ക് ഒാഫീസിന്റെ പ്രവർത്തനം മാറ്റും. ഒന്നാം നിലയുടെ നിർമ്മാണവും സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനുള്ള പണം അടുത്ത വാർഷിക പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പി.രാജഗോപാലൻ നായർ
(ഏനാദിമംഗംപഞ്ചായത്ത്പ്രസിഡന്റ്)