bike

പത്തനംതിട്ട : സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി മോട്ടോർ വാഹനവകുപ്പ് ഇന്നലെ മുതൽ നടത്തിയ പ്രത്യേക പരിശോധനയിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ ചിലരെ താക്കീത് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ 18 വരെയാണ് പരിശോധന. പ്രധാനമായും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

ഹെഡ്‌ ലൈറ്റിന് വെളിച്ചക്കൂടുതൽ, അനധികൃത രൂപമാറ്റം വരുത്തൽ എന്നിവയ്‌ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. മാറ്റംവരുത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. പഴയപടിയാക്കാൻ നിർദേശവും നൽകി. നിർദേശം പാലിച്ചില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് പരാതി സ്വീകരിക്കുന്നതിനായി ഓപ്പറേഷൻ സൈലൻസ് നോഡൽ ഓഫീസറായി തിരുവല്ലാ ആർ.ടി ഓഫീസിലെ എ.എം.വി.ഐ ബി. ശ്രീജിത്തിനെ ചുമതലപ്പെടുത്തി.

പരിശോധിച്ച വാഹനങ്ങൾ: 65

പിഴ: 60000


" വാഹനങ്ങളിലെ സൈലൻസർ ആൾട്ടറേഷൻ, ഹെഡ്‌ലൈറ്റ് തീവ്ര പ്രകാശമുള്ളതാക്കുന്നത്, ഹാൻഡിൽ ബാർ മാറ്റുന്നത്, ഘടനാപരമായ മാറ്റങ്ങൾ തുടങ്ങിയ അനധികൃത പ്രവർത്തനങ്ങൾ നടത്തിയ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും. ഇന്നുമുതൽ സോഷ്യൽ എൻഫോഴ്സ്മെൻ്റ് നടപ്പാക്കും. ഇത് കാരണം ജനങ്ങൾക്ക് കൂടി പരാതി അറിയിക്കാൻ സാധിക്കും. "

എ.കെ.ദിലു

റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ


അനധികൃത ആൾട്ടറേഷൻ നടത്തിയ വാഹനങ്ങളെ

സംബന്ധിച്ച പരാതികൾ ജനങ്ങൾക്കും അറിയിക്കാം :

പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ : 9188961003,

നോഡൽ ഓഫീസർ : 9961474950

ജില്ലയിൽ തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി എന്നിവിടങ്ങളിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റിന്റെ രണ്ടുടീമും ആണ് പരിശോധന നടത്തിയത്.