
പത്തനംതിട്ട : ജീവനക്കാരനെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുന്നിൽ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ നടന്നുവരുന്ന സമരത്തിനിടെ പൊലീസുമായി വാക്കേറ്റവും ഉന്തുംതള്ളും. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. റാന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ ക്ലർക്ക് മധുലാൽ കെ.പുതുമനയെ പുല്ലാട് സീഡ് ഫാമിലേക്ക് സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് ഡിസംബർ 30 മുതൽ മിനിസിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുന്നിൽ എൻ. ജി. ഒ യൂണിയൻ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. നിയമ വിരുദ്ധമായാണ് സ്ഥലം മാറ്റിയതെന്നാണ് യൂണിയന്റെ ആരോപണം. കൃഷിവകുപ്പ് മന്ത്രിയുടെ സ്റ്റാഫിനെ ബഹുമാനിക്കാത്തതിനെ തുടർന്ന് മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധുലാലിനെ സ്ഥലംമാറ്റിയതെന്നാണ് യൂണിയൻ നേതാക്കളുടെ ആരോപണം. ഇന്നലെ രാവിലെ സമരക്കാർ പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുന്നിൽ ഉപരോധം നടത്തി. പൊലീസ് എത്തി വരാന്തയിൽ നിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണമായത്. സമരം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.
ഓഫീസ് പ്രവർത്തനം തടസപ്പെടുന്നു
പത്തനംതിട്ട : അഞ്ച് വർഷമായി റാന്നി ഓഫീസിൽ ജോലി ചെയ്ത ജീവനക്കാരനെയാണ് പുല്ലാട്ടേക്ക് സ്ഥലം മാറ്റിയതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.ഡി.ഷീല പറഞ്ഞു. 8 വർഷം പുല്ലാട് സീഡ് ഫാമിൽജോലി ചെയ്ത ഒരു ജീവനക്കാരനെ റാന്നിക്ക് മാറ്റുകയും ചെയ്തു. ഇവർക്ക് ആർക്കും ഇതുസംബന്ധിച്ച് പരാതി ഇല്ലെന്ന് ഓഫീസർ പറഞ്ഞു. രേഖാമൂലം ആരും പരാതിയും നൽകിയിട്ടില്ല. ദിവസവുമുള്ള സമരം കാരണം ഓഫീസ് പ്രവർത്തനം തടസപ്പെടുന്നു. സമരക്കാർ ഓഫീസിനുള്ളിൽ കയറിയും പ്രതിഷേധിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടുത്ത സ്ഥലംമാറ്റത്തിൽ പരിഹരിക്കാമെന്ന് ചർച്ചയിൽ യൂണിയൻ നേതാക്കളെ അറിയിച്ചതാണെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു.