stadium

പത്തനംതിട്ട : ജില്ലാസ്റ്റേഡിയം വികസനം നീണ്ടുനീണ്ടുപോകുന്നത് കായികപ്രേമികളെ നിരാശരാക്കുന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡിന് നഗരസഭ ധാരണപത്രം സമർപ്പിച്ച് ഒരുവർഷമായിട്ടും പദ്ധതിക്ക് തുടക്കമിടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ജനുവരിയിൽ ചേർന്ന കൗൺസിൽ യോഗം ധാരണപത്രം ഒപ്പിട്ട് അന്ന് എം.എൽ.എയായിരുന്ന വീണാജോർജിന് സമർപ്പിച്ചിരുന്നു. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയ്ക്ക് 46 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. 2018ൽ അംഗീകാരമായ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് പ്രളയവും കൊവിഡും തടസമായി. വർഷം നാല് കഴിഞ്ഞതിനാൽ പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കേണ്ടതുണ്ട്. തുടർന്ന് ധനാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കണം.

ജില്ലാസ്റ്റേഡിയത്തിൽ വെള്ളം കയറുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് പഠനം നടത്തിയ ഏജൻസി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ഇതുലഭിച്ചാൽ മാത്രമേ എസ്റ്റിമേറ്റ് പുതുക്കാനാകൂ. പാലായിലെ സ്റ്റേഡിയത്തിൽ വെള്ളം കയറിയപ്പോൾ സിന്തറ്റിക് ട്രാക്ക് തകരാറിലായതിനെ തുടർന്നാണ് പഠനം നടത്താൻ തീരുമാനിച്ചത്. മഴ പെയ്താൽ പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തിൽ വെള്ളക്കെട്ടുണ്ടാകുന്നത് ഒഴിവാക്കാൻ ശാസ്ത്രീയ മാർഗങ്ങളില്ലായിരുന്നു.

കഴിഞ്ഞ വർഷം ധാരണാപത്രം സമർപ്പിച്ചപ്പോൾ ധന, സാങ്കേതിക അനുമതി ഉടൻ ലഭ്യമായാൽ നിർമ്മാണം ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്നായിരന്നു പ്രഖ്യാപനം.

സ്റ്റേഡിയത്തിന്റെ ഉടമസ്ഥർ ആരാണ് എന്ന തർക്കത്തിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള കഴിഞ്ഞ നഗരസഭാ ഭരണസമിതി ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നില്ല. ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണ സമിതി വീണ്ടും ചർച്ചകൾ നടത്തി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് എന്ന നിലയിലാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്.

പദ്ധതി ഇങ്ങനെ

ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകൾ, ഹോക്കി മൈതാനം, പവലിയൻ, നീന്തൽക്കുളം, ക്രിക്കറ്റ് പിച്ച്, ഗ്യാലറി, ഹോസ്റ്റൽ ഇവ പുതിയ സ്റ്റേഡിയത്തിലുണ്ടാകും.

വരുമാനം നഗരസഭയ്ക്കും യുവജന ക്ഷേമ ബോർഡിനും

ജില്ലാ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത നഗരസഭയ്ക്കാണെങ്കിലും വരുമാനം നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും പങ്കാളികളായ ജോയിന്റ് അക്കൗണ്ടിലേക്കാണ് എത്തുക. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾക്കും മറ്റു ചെലവുകൾക്കും ഇതുപയോഗിക്കാം. നഗരസഭ ചെയർമാൻ അദ്ധ്യക്ഷനായ സമിതിക്കാണ് നടത്തിപ്പ് ചുമതല.

ചെലവ് : 46 കോടി

'' സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പഠന റിപ്പോർട്ട് ലഭിക്കുമ്പോൾ പദ്ധതിയിൽ മാറ്റം വരും. വിശദപദ്ധതി റിപ്പോർട്ട് സമർപ്പിച്ചശേഷം സാങ്കേതിക അനുമതി ലഭിക്കണം. പദ്ധതിക്ക് ഭരണാനുമതിയായിട്ടുണ്ട്.

മന്ത്രി വീണാജോർജ്