arrest

തിരുവല്ല: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കടപ്ര പഞ്ചായത്ത് ഒാഫീസിലെ കെട്ടിടനികുതി വിഭാഗം സീനിയർ ക്ലർക്ക് തകഴി കുന്നുമ്മ ശ്രീനിലയത്തിൽ പി.സി. പ്രദീപ് കുമാറിനെ (52) വിജിലൻസ് അറസ്റ്രുചെയ്തു. വളഞ്ഞവട്ടം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

ഒരുമാസം മുമ്പ് വാങ്ങിയ ഭൂമിയിലെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക് മാറ്റുന്നതിനാണ് പരാതിക്കാരി പ്രദീപ് കുമാറിനെ സമീപിച്ചത്. ഇതിന് 40,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. 25,000 രൂപ നൽകാമെന്ന് ധാരണയായി. കഴിഞ്ഞ ചൊവ്വാഴ്ച പൊടിയാടി ജംഗ്ഷന് സമീപം ഓട്ടോറിക്ഷയിൽവച്ച് ആദ്യഗഡുവായ 10,000 രൂപ നൽകി. ബാക്കിയുള്ള 15,000 രൂപ മറ്റുള്ള ഉദ്യോഗസ്ഥർക്ക് കൂടി നൽകാനുള്ളതാണെന്ന് പറഞ്ഞ് ഇയാൾ പിന്നീട് പരാതിക്കാരിയെ നിരവധി തവണ വിളിച്ചു.

ബാക്കി പണവുമായി ഇന്നലെ രാവിലെ 10 മണിയോടെ പൊടിയാടിയിൽ എത്താൻ പ്രദീപ് കുമാർ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരി വിജിലൻസിനെ സമീപിച്ചു. പൊടിയാടിയിൽ നിന്ന് പരാതിക്കാരിയുടെ കാറിൽ കയറി കടപ്ര പഞ്ചായത്ത് ഓഫീസിലേക്ക് പോകുംവഴി കാറിൽ വച്ച് വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ പണം പ്രദീപിന് കൈമാറി. കാറിനെ പിന്തുടർന്ന വിജിലൻസ് സംഘം പ്രദീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത് ഓഫീസിൽ എത്തിച്ച് പ്രദീപിന്റെ കൈകൾ രാസലായനിയിൽ മുക്കി തെളിവെ‌ടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.