പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മറൂർ കുളപ്പാറയിൽ കുരങ്ങ് ശല്യം രൂക്ഷം. അടുത്തിടെ എവിടെനിന്നോ എത്തിയ രണ്ട് കുരങ്ങൻമാരാണ് കുളപ്പാറമലയിൽ താവളം ഉറപ്പിച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം ആളുകൾക്ക് നേരെയുള്ള ആക്രമണവുമുണ്ട്.

വീടുകൾക്ക് പുറത്ത് കഴുകിയിടുന്ന തുണികൾ അപഹരിക്കുക, വീട്ടിൽ കയറി നാശം ചെയ്യുക, മൊബൈൽ ഫോണുകൾ ഉൾപ്പടെ അപഹരിക്കുക, അടുക്കളയിൽ കയറി ആഹാര സാധനങ്ങൾ കഴിക്കുന്നതിന് പുറമെ മൺ ചട്ടി, കലം തുടങ്ങിയവ പൊട്ടിക്കുക, കാർഷിക വിളകൾ നശിപ്പിക്കുക എന്നിവ പതിവാണ്.

ജില്ലാ ആസ്ഥനത്തോട് ചേർന്നുകിടക്കുന്ന കുളപ്പാറയിൽ നേരത്തെയും കുരങ്ങൻമാരുടെ ശല്യം വ്യാപകമായിരുന്നു. അധികൃതർ നിസംഗത പാലിച്ചതോടെ അന്ന് പടക്കം പൊട്ടിച്ചും മറ്റുമാണ് നാട്ടുകാർ ഇവയെ ഇവിടെ നിന്ന് ഓടിച്ചത്. നേരത്തെയും രണ്ട് കുരങ്ങൻമാരാണ് ആദ്യമെത്തിയത്.