 
പത്തനംതിട്ട : കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളുമായി ആഘോഷത്തോടെ അങ്കണവാടികളിൽ പ്രവേശനോത്സവം നടന്നു. പൂക്കളും മിഠായിയും ലഡുവും നൽകി കുരുന്നുകളെ വരവേറ്റു. വർണച്ചിത്രങ്ങളാൽ അലങ്കരിച്ച് അങ്കണവാടികൾ ആകർഷകമാക്കിയിരുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ അങ്കണവാടികൾ തുറന്നത്. പുതിയ സ്‌കൂൾ വർഷമാകാൻ ഇനി മൂന്ന് മാസങ്ങൾ മാത്രമേ ബാക്കിയുള്ളുവെങ്കിലും അത്രയുംദിവസങ്ങളിൽ തങ്ങളുടെ കുഞ്ഞുങ്ങൾ അങ്കണവാടികളിൽ പോകട്ടെയെന്നാണ് രക്ഷകർത്താക്കളും പറയുന്നത്. ജില്ലയിലെ എല്ലാ അങ്കണവാടികളും തുറന്നു. സംഗീതം ആസ്വദിക്കാൻ മ്യൂസിക് സംവിധാനങ്ങളും കളിപ്പാട്ടങ്ങളും അക്ഷരങ്ങളും ജാമതീയ രൂപങ്ങളും ഒരുക്കിയിരുന്നു. നഗരസഭയിലെ 92 ാം നമ്പർ അങ്കണവാടി ആരോഗ്യമന്ത്രി വീണാജോർജ് സന്ദർശിച്ചു. കൗൺസിലർ എ.അഷ്‌റഫ്, അങ്കണവാടി വർക്കർ എം.ഡി.ബിന്ദു, ഹെൽപ്പർ വി. സുമംഗല, മാതാപിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വലഞ്ചുഴി അങ്കണവാടിയിൽ കുഞ്ഞുങ്ങൾക്ക് മാസ്‌ക്കും സാനിറ്റൈസറും റോസാപ്പൂവും മിഠായിയും കൗൺസിലർ എ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഒരുക്കി.