തിരുവല്ല : ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് , ഭർത്താവിനൊപ്പം യാത്രചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോന്നി മങ്ങാരം പൊന്താനാക്കുഴിയിൽ വീട്ടിൽ പാസ്റ്റർ റ്റി. മത്തായിയുടെ ഭാര്യ മേഴ്സി മത്തായി (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് തിരുവല്ല ബൈപ്പാസിൽ ടി.കെ. റോഡിലെ മേൽപാലത്തിലായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സ്കൂട്ടറിൽ ടോറസിടിച്ച് ദമ്പതികൾ റോഡിന്റെ ഇരുവശങ്ങളിലേക്കും വീഴുകയായിരുന്നു. അടിയിൽ കുരുങ്ങിയ മേഴ്സിയെ വലിച്ചുകൊണ്ട് ടോറസ് കുറേദൂരം പോയ ശേഷമാണ് നിന്നത്. അപ്പോഴേക്കും മരിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. മത്തായിക്ക് നിസാര പരിക്കേറ്റു. അപകടത്തെതുടർന്ന് ബൈപ്പാസിൽ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. സംസ്കാരം പിന്നീട്. മക്കൾ: റേച്ചൽ മാത്യു, ജോൺ മാത്യു, ജേക്കബ് മാത്യു, ജെയിംസ് മാത്യു.മരുമക്കൾ : മാത്യു ലൂക്കോസ്, സ്മിതാ ജോൺ, ആഷാ ജേക്കബ്, ഗ്ലോറിയാ ജെയിംസ്.