കൊച്ചി: ലോഡ്ജിന്റെ മുകൾ നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്ക്കൻ ചോരവാർന്ന് കിടന്നത് മണിക്കൂറോളം. ജീവൻ രക്ഷിച്ചത് വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ കൊച്ചി സിറ്റിപൊലീസ് ഫ്ലൈയിംഗ് സ്ക്വാഡിന്റെ സമയോചിതമായ ഇടപെടൽ. കഴിഞ്ഞ ദിവസം രാത്രി നോർത്ത് മേൽപ്പാലത്തിനോട് ചേർന്നുള്ള നടപ്പാതയുടെ പടിക്കെട്ടിലാണ് പത്തനംതിട്ട റാന്നി സ്വദേശി പ്രജീഷിനെ (48) തലയ്ക്കും ദേഹത്തും ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. ഇരുൾമൂടിയ ഇവിടെ പ്രജീഷ് കിടക്കുന്നത് ഏറെ നേരം ആരും കാണാതിരുന്നതാണ് ആരോഗ്യസ്ഥിതി ഗുരുതരമാക്കിയത്.
ഇതുവഴി ലിസി ഭാഗത്തേക്ക് പോയ ഒരാളാണ് ചോരവാർന്നു കിടക്കുന്ന പ്രജീഷിനെ കണ്ടത്. ഉടൻ പ്രദേശത്തുണ്ടായിരുന്നവരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് സ്ഥലത്തെത്തിയ ഫ്ലൈയിംഗ് സ്ക്വാഡ് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടി. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായതിനാൽ പ്രജീഷ് കൊച്ചിയിൽ എത്തിയത് എന്തിനെന്നതടക്കം പൊലീസിന് ചോദിച്ചറിയാനായിട്ടില്ല.
നോർത്ത് ഓവർ ബ്രിഡ്ജിന് സമീപത്തെ ലോഡ്ജിലാണ് പ്രജീഷ് മുറിയെടുത്തിരുന്നത്. മദ്യപിച്ച് അബോധാവസ്ഥയിലായി ഇവിടെ നിന്ന് താഴേക്ക് വീഴുകയായിരുന്നു. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ കിടന്നുറങ്ങാതിരിക്കാൻ മെറ്റലുകൾ പാകിയ ഇടത്തേക്കാണ് വീണത്. ഇങ്ങനെയാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഇവിടെ നിന്ന് എഴുന്നേറ്റ് അല്പം നടന്നെങ്കിലും വീണ്ടും വീണു. പിന്നീട് പടിക്കെട്ടിലേക്ക് നീങ്ങിയെങ്കിലും കിടപ്പിലായിപ്പോയി. ദേഹമാസകലം പരിക്കുണ്ട്. ചോരയും ഏറെ വാർന്നുപോയി. അടിപിടിയായിരിക്കുമെന്നാണ് പൊലീസ് ആദ്യം കരുതിയത്. ഇതേതുടർന്ന് എറണാകുളം നോർത്ത് പൊലീസ് പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തെങ്കിലും ഇവർക്ക് ഇതേക്കുറിച്ച് അറിവില്ലായിരുന്നു. സി.സി.ടിവി പരിശോധിച്ചപ്പോഴാണ് കാൽ തെന്നി വീഴുന്നതുൾപ്പെടെയുള്ള ദൃശ്യം ലഭിച്ചത്. പ്രജീഷിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.