
മാരാമൺ: അസത്യത്തെ സത്യത്തിന്റെ വേഷം അണിയിച്ച് അവതരിപ്പിക്കുന്ന കാലഘട്ടമാണിതെന്ന് ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ. മാരാമൺ കൺവെൻഷനിൽ സംസാരിക്കുകകയായിരുന്നു അദ്ദേഹം.
പ്രലോഭനങ്ങളും ഭ്രമിപ്പിക്കുന്നവയുമൊക്കെ സത്യമാണെന്ന് ധരിപ്പിക്കുന്നു.
അസത്യത്തെ സത്യത്തിന്റെ പുതപ്പണിയിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്ന സത്യാനന്തര ലോകത്ത് തിരുവചനത്തിന്റെ പ്രസക്തി ലക്ഷ്യബോധത്തോടെ അവതരിപ്പിക്കാനാകണം. കാലത്തിന്റെ സ്വാധീനത്തിൽ പൂത്തുലയുന്ന ആത്മീയതയിലെ അപകടം കാണാതെ പോകരുതെന്ന് എപ്പിസ്‌കോപ്പ പറഞ്ഞു. ക്രിസ്തു കഷ്ടമനുഭവിച്ചതിലൂടെ എന്റെ കഷ്ടത ഒഴിഞ്ഞുവെന്നു വിശ്വസിക്കുന്ന ആത്മീയ അപചയത്തിന്റെ കാലഘട്ടമാണിത്.
യേശുക്രിസ്തുവിന്റെ കഷ്ടപ്പാടിൽ പങ്കാളിയാകുകയെന്നതാണ് ക്രൈസ്തവ ആത്മീയതയുടെ അടിസ്ഥാനം. ക്രിസ്തുവിന്റെ മരണത്തോടു അനുരൂപപ്പെടുക. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രത്തിൽ നിന്നു കുരിശ് എന്ന യാഥാർത്ഥ്യം ഒഴിവാക്കിയാൽ രക്ഷയുടെ അനുഭവത്തിലേക്കു വരാനാകില്ല. വേദനകളെയും കഷ്ടതകളെയും ഒഴിവാക്കി നമുക്ക് ഉയരാനുള്ള മാർഗമായി ക്രിസ്തുവിനെയും സുവിശേഷത്തെയും അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആസക്തികൾ പൂക്കുന്ന കാലത്ത് ജഡത്തിന്റെ ഇച്ഛകൾക്ക് മുൻതൂക്കം നൽകുമ്പോൾ ആത്മീയതയെയും ആ രീതിയിൽ ചിത്രീകരിക്കപ്പെടാം. ആത്മാവിന്റെ അംശം മനുഷ്യനിൽ നിന്ന് ഒഴുകി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അപരനെ അന്യനായി കാണുന്നതല്ല ആത്മീയത. സഹോദരന്റെ കണ്ണിലേക്കു നോക്കുമ്പോൾ അവനെക്കുറിച്ചുള്ള ദൈവഹിതം ദർശിക്കാം. അപ്പോൾ മാത്രമേ സാഹോദര്യത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്കു മടങ്ങിച്ചെല്ലാനാകൂവെന്നും തോമസ് മാർ തീത്തോസ് പറഞ്ഞു. ഡോ.ഐസക് മാർ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു.