ചെങ്ങന്നൂർ: വരട്ടാർ നവീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ നിറുത്തിവയ്ക്കാൻ പ്രമേയം അവതരിപ്പിക്കുകയും, കേസ് ഫയൽ ചെയ്യുകയും ചെയ്ത ചെങ്ങന്നൂർ നഗരസഭയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. വരട്ടാർ, ആദിപമ്പ നദികളുടെ രണ്ടാംഘട്ട പുനരുജ്ജീവന പ്രവൃത്തികളുടെയും, തൃക്കയിൽ പാലത്തിന്റെയും നിർമ്മാണോദ്ഘാടനം നടത്തിയ തൃക്കയിലെ വേദിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിന്റെ നിലനിൽപ്പിനെ തന്നെ സംരക്ഷിക്കുന്ന നദീസംരക്ഷണ പദ്ധതിയാണ് വരട്ടാർ. എക്കലും, മണ്ണും മാറ്റാതെ നദി ഒഴുകില്ല. മണൽ നീക്കം എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തുന്നത്. സംഭവത്തിൽ ജനകീയ ഓഡിറ്റ് നടത്താൻ തയാറാണ്. ആർക്കു വേണമെങ്കിലും പ്രവൃത്തികൾ പരിശോധിക്കാം. ഇനിയൊരു പ്രളയസമാനമായ സാഹചര്യം ചെങ്ങന്നൂരിലുണ്ടാകാൻ അനുവദിക്കില്ല. രാഷ്ട്രീയ വിരോധനം ഉപേക്ഷിച്ചു നഗരസഭാദ്ധ്യക്ഷ കേസ് പിൻവലിക്കാൻ തയാറാകണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടു. കൈയേറ്റം നടത്തിയവരും, പ്രദേശത്തെ പ്രമാണിമാരും, ചില കൗൺസിലർമാരും വരട്ടാർ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കേസ് നടത്തിയും പദ്ധതിയുമായി മുന്നോട്ടു പോകും. വിഷയത്തിൽ ജനങ്ങൾ പ്രതികരിക്കണംമെന്നും ഗൂഡനീക്കം നടത്തുന്നവർക്ക് ചരിത്രം മാപ്പ് നൽകില്ലെന്നും മന്ത്രി പറഞ്ഞു.