 
അടൂർ: കെ.എസ്.എഫ്.ഇ കടമ്പനാട് ശാഖയിൽ മുക്കുപണ്ടം പണയംവച്ച് ഒന്നേകാൽ ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിലായി. കൊല്ലം കിടങ്ങയംവടക്ക് ശൂരനാട് തെക്ക് പെരിങ്ങാടി തെക്കേതിൽ അഖില (അശ്വതി -33)യെയാണ് ഏനാത്ത് പൊലീസ് അറസ്റ്റുചെയ്തത്.
34.8 ഗ്രാം തൂക്കമുള്ള നാലു വള പണയംവയ്ക്കുകയായിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ലോൺ പുതുക്കാതിരിക്കുകയും പണയം എടുക്കാതെ വന്നതിനെയും തുടർന്ന് സ്വർണ്ണം പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് 2020 ന് നവംബർ രണ്ടിന് കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേജർ ശ്രീജ പരാതി നൽകി. സമാനമായ മറ്റൊരു കേസിൽ ആലപ്പുഴ കനകക്കുന്ന് പൊലീസ് അറസ്റ്റുചെയ്ത അഖിലയെ ഇന്നലെ ഏനാത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.