തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ വാളത്തിൽ തോട്ടിൽ സ്വകാര്യവ്യക്തി നടത്തുന്ന കരിങ്കൽ ഭിത്തി നിർമ്മാണത്തിനെതിരെ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. പൊടിയാടി - അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രം വാളത്തിൽ പാലത്തിന് സമീപമാണ് ഒരാഴ്ചയായി നിർമ്മാണം നടക്കുന്നത്. തോട്ടിൽ തെങ്ങിൻകുറ്റി ഉറപ്പിച്ചശേഷം കരിങ്കൽ ഭിത്തിയുടെ നിർമ്മാണം ഇവിടെ നടന്നുവരികയാണ്. തോട്ടിലേക്ക് ഇറക്കിയാണ് കരിങ്കൽ ഭിത്തി നിർമ്മിക്കുന്നതെന്നും തോട്ടിലെ സുഗമമായ നീരൊഴുക്ക് തടസപ്പെടുമെന്നുമാണ് നാട്ടുകാരുടെ പരാതി. ഇതുകാരണം പയ്യങ്കേരി, പറപ്പാത്തി പാടശേഖരങ്ങളിലേക്ക് വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന് കൃഷിക്കാരും പരാതിപ്പെടുന്നു. കെട്ടുവള്ളങ്ങൾ ഉൾപ്പെടെ പോയിരുന്ന വലിയ വീതിയുണ്ടായിരുന്ന തോട്ടിൽ പലയിടത്തും അനധികൃത നിർമ്മാണങ്ങൾ കാരണം നീരൊഴുക്ക് തടസപ്പെടുന്ന സ്ഥിതിയാണ്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഈ പ്രദേശത്ത് ഇതേപോലെ കരിങ്കൽ ഭിത്തി നിർമ്മിക്കുന്നത് സമീപവാസികൾക്ക് ഭീഷണിയാകുമെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പരാതിയിൽ പറയുന്നു. അനധികൃത നിർമ്മാണം നിറുത്തിവയ്ക്കണമെന്നും തോടിന്റെ വീതി അളന്നു തിട്ടപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർക്ക് പരാതി നൽകി. വാളകത്തിൽ തോട്ടിലെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് സന്ദർശിച്ച് പരിശോധന നടത്തിയെന്നും തോടിന്റെ വീതി അളന്ന് തിട്ടപ്പെടുത്തുന്നതുവരെ നിർമ്മാണം നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകിയതായും മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.