ksrtc
നിർമ്മാണം നടക്കുന്ന പത്തനംതിട്ടയിലെ പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുതിയ ടെർമിനൽ നിർമ്മിച്ച് ഒരുവർഷം പൂർത്തിയായിട്ടും ബസ് സർവീസുകൾ തുടങ്ങാനായില്ല. നഗരസഭ ബസ് സ്റ്റാൻഡിലെ താൽക്കാലിക ഡിപ്പോയിൽ നിന്നാണ് ഇപ്പോഴും സർവീസുകൾ പൂർണമായും ഒാപ്പറേറ്റ് ചെയ്യുന്നത്. സർവീസുകൾ കഴിഞ്ഞ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലമാക്കി മാറ്റിയിരിക്കുകയാണ് പുതിയ ടെർമിനലിന് മുന്നിലെ യാർഡ്. ഡി.ടി.ഒ ഒാഫീസ് പുതിയ ടെർമിനലിലും സ്റ്റേഷൻ മാസ്റ്റർ ഒാഫീസ് നഗരസഭാ ബസ് സ്റ്റാൻഡിലുമായാണ് പത്തനംതിട്ട ഡിപ്പോയുടെ പ്രവർത്തനം. യാർഡിന്റെ പണികൾ പൂർത്തിയാകാത്തതുകൊണ്ടാണ് പുതിയ ടെർമിനലിൽ നിന്ന് ബസ് സർവീസുകൾ ഒാപ്പറേറ്റ് ചെയ്യാത്തതെന്ന് അറിയുന്നു.

ശബരിമല തീർത്ഥാടന കാലത്ത് പുതിയ ടെർമിനൽ ശബരിമല ഹബായി ഉപയാേഗിച്ചിരുന്നു. ശബരിമലയ്ക്കുള്ള സർവീസുകൾ ഇവിടെ നിന്നാണ് നടത്തിയിരുന്നത്. അതിനുശേഷം മറ്റ് സർവീസുകളെല്ലാം ടെർമിനലിൽ നിന്ന് ഒാപ്പറേറ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. യാർഡ് നിർമ്മാണം പൂർത്തിയാക്കി സർവീസുകൾ പുതിയ ടെർമിനലിൽ നിന്ന് ആരംഭിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. യാർഡ് നിർമ്മാണത്തിന്റെ ഫിനിഷിംഗ് ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. യാർഡിൽ ഇന്റർലോക്ക് കട്ട പാകിയിട്ട് രണ്ടു മാസത്തിലേറെയായി.

ടെർമിനലിലെ കടമുറികൾ ലേലത്തിൽ പോയെങ്കിലും ബസ് സർവീസ് ആരംഭിക്കാത്തത് കാരണം ഉടമകൾ പ്രതിസന്ധിയിലായി. 9.20 കോടി ചെലവിലാണ് കെ.എസ്.ആർ.ടി.സി ടെർമിനലായി മൂന്ന് നില കെട്ടിടം നിർമിച്ചത്.

തറക്കല്ലിട്ടത് 2014ൽ

നിർമ്മാണം പൂർത്തിയായത് 2021ൽ

ചെലവ് : 9.20 കോടി