പത്തനംതിട്ട : ശ്രീചിത്തിര തിരുനാൾ ടൗൺഹാൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. പത്ത് ദിവസത്തിനകം പണി പൂർത്തിയാക്കും. അടുത്ത മാസം തന്നെ ഉദ്ഘാടനം നടക്കും. നിലവിൽ അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്. ലൈറ്റ് , പ്രോജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ കൂടി ചെയ്താൽ ടൗൺ ഹാൾ പൊതുജനങ്ങൾക്ക് വിട്ടു നൽകാം. മറ്റ് എല്ലാ ജോലികളും ഇവിടെ പൂർത്തിയായതായി നഗരസഭാ അധികൃതർ പറഞ്ഞു. പുറംഭിത്തി, ജനലുകൾ തുടങ്ങി കെട്ടിടത്തിന്റെ നിലനിറുത്താവുന്ന എല്ലാ ഭാഗങ്ങളും സംരക്ഷിച്ചാണ് നവീകരണം നടത്തിയത്. കേരളീയ വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ട കെട്ടിടത്തിൽ തടിയാണ് ഉപയോഗിച്ചിരുന്നത്. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ വരാന്തയിലെ മരത്തൂണുകൾക്ക് പകരം കൽത്തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. മേൽക്കൂരയിലെ തടികൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള ഗാൽവനൈസ്ഡ് അയൺ ആണ് നിലവിൽ ഉപയോഗിച്ചിരിക്കുന്നത്. ആധുനിക രീതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പ്രൊജക്ടർ അടക്കം ഉപയോഗിച്ചുള്ള യോഗങ്ങൾ ടൗൺ ഹാളിൽ പ്രവർത്തനം നടത്താം. ആദ്യ ഘട്ടം 35 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. ഇത് തികയാതെ വന്നപ്പോൾ പിന്നീട് എസ്റ്റിമേറ്റ് 75 ലക്ഷം രൂപയാക്കി പുതുക്കി.

ആധുനിക ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതോടെ ഉന്നതതല യോഗങ്ങളും സെമിനാറുകളുമെല്ലാം ടൗൺ ഹാളിൽ ക്രമീകരിക്കാം. നഗരത്തിന്റെ മദ്ധ്യ ഭാഗത്തായാണ് ടൗൺ ഹാൾ പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ എല്ലാവർക്കും സൗകര്യമായി എത്താൻ കഴിയുന്ന ഇടം കൂടിയാണിത്.

ടി. സക്കീർ ഹുസൈൻ

(നഗരസഭാ ചെയർമാൻ)