തിരുവല്ല: വെള്ളപ്പൊക്കത്തിൽ തീരമെടുത്ത മണിമലയാറിന്റെ സമീപവാസികൾ ആശങ്കയിൽ. നെടുമ്പ്രം പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി കഴിഞ്ഞ വെള്ളപ്പൊക്കത്തിലാണ് ആറ് വളരെയധികം തീരം കവർന്നെടുത്തത്. വീടുകൾ പലതും അപകടഭീഷണിയിലാണ്. മണിമലയാർ തീരനിവാസികൾ നൊമ്പരത്തോടെയാണ് കഴിയുന്നത്. നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ കത്തോലിക്കാ പള്ളിക്ക് സമീപത്തെ അമ്പതോളം കുടുംബങ്ങളാണ് ഏറെ ഭീതിയോടെ കഴിയുന്നത്. വല്ല്യേലിൽ ചിറയിൽ വി.കെ.കൊച്ചുകുഞ്ഞിന്റെയും വി.എസ്.ശശീന്ദ്രന്റെയും ഉൾപ്പെടെയുള്ള വീടുകളോട് ചേർന്ന ഭാഗം ആറ്റിലേക്ക് ഇടിഞ്ഞു വീണിരുന്നു.കുത്തൊഴുക്കിൽ അടിവാരത്തുള്ള ദുർബലമായ മണ്ണ് ഒലിച്ചുപോകുന്നതാണ് കൂടുതൽ തിട്ടയിടിയാൻ കാരണം. ചെറുകിട പദ്ധതികളിലൂടെ നിർമ്മിച്ച സംരക്ഷണ ഭിത്തികളൊക്കെ തകർന്ന് ആറ്റിലൊഴുകിപ്പോയ അവസ്ഥയാണ്.
നടപ്പാക്കിയ പദ്ധതികൾ ലക്ഷ്യം കാണുന്നില്ല
മഹാപ്രളയവും തുടർന്നുണ്ടായ വെള്ളപ്പൊക്കവും കഴിഞ്ഞതോടെ പല പുരയിടങ്ങളുടെയും ഭാഗം മണിമലയാർ കവർന്നെടുത്തു. തീരസംരക്ഷണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയ പദ്ധതികളൊന്നും ലക്ഷ്യംകണ്ടില്ല. റിവർ മാനേജ്മെന്റ് ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാത്തതും തിരിച്ചടിയായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് തീരപ്രദേശങ്ങളിൽ താമസിക്കുന്നതിൽ ഭൂരിഭാഗവും. തീരം വ്യാപകമായി ആറ്റിലേക്ക് ഇടിഞ്ഞുകൊണ്ടിരിക്കുമ്പോൾ തങ്ങളുടെ ഭൂമി ഓരോവർഷവും നഷ്ടമാകുന്നതിന് സാക്ഷികളാകുകയാണ് നിസഹായരായ ആറ്റുതീരവാസികൾ.
നിവേദനങ്ങൾ നൽകി
നദീതീര സംരക്ഷണത്തിനായി ശാശ്വതമായ പദ്ധതികൾ ഇനിയും ഉണ്ടായിട്ടില്ല. അധികാരികൾ അടിയന്തര നടപടി സ്വീകരിച്ച് പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങളായ ശ്യാം ഗോപി, ഷേർഷി ഫിലിപ്പ് എന്നിവർ വകുപ്പ് തലത്തിൽ നിവേദനം നൽകി.
..........
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വൻതോതിൽ തീരം ഇടിഞ്ഞതിനാൽ ആറിന്റെ വിസ്തൃതിയിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടുണ്ട്. തീരം കരിങ്കല്ലുകെട്ടി സംരക്ഷിക്കണം
(നാട്ടുകാർ)
...........
- 50 കുടുംബങ്ങൾ ആശങ്കയിൽ