കോന്നി: അറിവും ആത്മവിശ്വാസവും ഒത്തുചേരുമ്പോഴാണ് വിദ്യാർത്ഥികൾക്ക് ജീവിതവിജയം നേടാൻ കഴിയുന്നതെന്ന് സ്പീഡ് കാർട്ടുണിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ അഡ്വ. ജിതേഷ് ജി പറഞ്ഞു. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ആനുവൽ റിട്രീറ്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഒന്നാമതെത്താൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞാൽ മാത്രമേ ജീവിതവിജയം നേടാൻ കഴിയു. ഇംഗ്ലീഷ് ഭാഷയിലും, പൊതുവിജ്ഞാനത്തിലും അറിവുനേടിയാൽ മത്സരപരീക്ഷകളിൽ ഒന്നാമതെത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെ തുടർന്ന് രണ്ടു വർഷമായി ഓൺലൈനിലും, വീടുകളിലുമായി ഒതുങ്ങിയ വിദ്യാർത്ഥികൾക്ക് സമൂഹവുമായി കൂടുതൽ അടുത്തിടപഴകാനുള്ള അവസരങ്ങൾ ഇല്ലാതാവുന്ന ഇക്കാലത്ത് വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിന് കൂടുതൽ പ്രചോദനമാണ് ഇത്തരം പരിപാടികളെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സ്കൂൾ മാനേജരും എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യുണിയൻ പ്രസിഡന്റുമായ കെ.പദ്മകുമാർ പറഞ്ഞു. മോട്ടിവേഷൻ സ്‌പീക്കറും, പരിശീലകനുമായ അജി വർഗീസ് ബത്തേരി ക്‌ളാസ് നയിച്ചു. സ്കൂൾ സെക്രട്ടറി സി.എൻ. വിക്രമൻ, സ്കൂൾ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ ടി.പി. സുന്ദരേശൻ, കെ.ആർ. സലീലനാഥ്, സുരേഷ് ചിറ്റിലക്കാട്, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, വൈസ് പ്രിൻസിപ്പൽ ദിവ്യ സദാശിവൻ, പി.ടി.എ പ്രസിഡന്റ് ബെന്നി വർഗീസ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു.പി, പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രുതി കെ. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.