1

മണക്കാല: വിഖ്യാതചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ പേരിലുള്ള മണക്കാല - ചിറ്റാണി മുക്ക് റോഡ് നവീകരണം ആരംഭിച്ചു. റീ ബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.89 കോടി​ രൂപയാണ് അനുവദിച്ചത്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കാനാണ് പദ്ധതി. ഇതിൽ പലഭാഗങ്ങളിലായി 250 മീറ്റർ ദൂരത്തിൽ ഓട, കലുങ്ക് എന്നിവ ഉണ്ടായിരിക്കും. മണക്കാലയിൽ നിന്ന് ചിറ്റാണിമുക്ക് വരെയുള്ള രണ്ടുകിലോമീറ്റർ ദൂരമാണ് തകർന്നു കിടക്കുന്നത്. 2014 ൽ ആഘോഷമായാണ് റോഡിന് അടൂർ ഗോപാലകൃഷ്ണൻ റോഡ് എന്ന് പേരിട്ടത്. റോഡ് നാമകരണ പരി​പാടി​യി​ൽ അടൂർ ഗോപാലകൃഷ്ണൻ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പി​ന്റെ അധീനതയിലുണ്ടായിരുന്ന റോഡ് ജില്ലാപഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. റോഡിലെ ടാർ മുഴുവൻ ഇളകി വലിയ കുഴി രൂപപ്പെട്ടി​രി​ക്കുകയാണ്. ആദ്യപടി​യായി​ റോഡിന്റെ വീതി ക്രമീകരിച്ച് ഓടയുടെയും കലുങ്കിന്റെയും നിർമ്മാണം പൂർത്തീകരിക്കും. തുടർന്ന് ടാറിംഗ് നടത്തും. ഈമാസം തന്നെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ജില്ലാപഞ്ചായത്തംഗം സി.കൃഷ്ണകുമാർ പറഞ്ഞു.