പ്രമാടം : മുന്നറിയിപ്പില്ലാതെ റോഡ് അടച്ചതിനാൽ പൂങ്കാവ്-പ്രമാടം -പത്തനംതിട്ട റൂട്ടിൽ മണിക്കൂറുകളോളം യാത്രക്കാർ കുടുങ്ങി. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. പ്രമാടം ഗുരുമന്ദിരത്തിന് സമീപത്തെ വെയിറ്റിംഗ് ഷെഡിനും പൂങ്കാവ് ജംഗ്ഷനും ഇടയിൽ റോഡ് മണ്ണിട്ട് ഉയർത്തുന്ന ജോലികൾ തുടങ്ങിയതിനാലാണ് അപ്രതീക്ഷിതമായി ഗതാഗതം തടഞ്ഞത്.
തൊട്ടുപിന്നാലെ നേതാജി സ്കൂൾ ജംഗ്ഷൻ മുതൽ തകിടിയേത്ത് ജംഗ്ഷൻ വരെയുള്ള ഭാഗത്തും അറ്റകുറ്റപ്പണികൾ തുടങ്ങി.
അപ്രതീക്ഷിത ഗതാഗത നിയന്ത്രണം മൂലം വാഹനങ്ങൾ എസ്.എൻ.ഡി.പിക്കും സ്കൂളിനും ഇടയിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ചെറിയ വാഹനങ്ങൾ മണലാടി ഭാഗം വഴി പൂങ്കാവിലേക്ക് തിരിച്ചുവിട്ടെങ്കിലും ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ
ഏറെ നേരത്തിന് ശേഷമാണ് സ്കൂൾ ജംഗ്ഷൻ വഴി തിരികെ പത്തനംതിട്ടയിലേക്ക് പോയത്. പ്രതിഷേധം ഉയർന്ന ശേഷമാണ് ചിലയിടങ്ങളിലെങ്കിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്.
പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കുള്ള എളുപ്പ മാർഗമാണിത്. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്ക് പോകുന്നവർക്ക് പുറമെ കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകാൻ ശബരിമല തീർത്ഥാടകരും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് എത്തുന്നവർ നേതാജി സ്കൂൾ ജംഗ്ഷനിൽ എത്തിയ ശേഷമാണ് ഇപ്പോഴും നിയന്ത്രണം അറിയുന്നത്. പിന്നീട് തിരികെ പത്തനംതിട്ടയിലേക്ക് പോകേണ്ട ഗതികേടിലാണ് യാത്രക്കാർ.