fire
മുളക്കുഴ വെല്യകുന്ന് ഭാഗത്തെ റബ്ബർ തോട്ടത്തിൽ പടർന്നുപിടിച്ച തീ ഫയർഫോഴ്സ് സംഘം തല്ലിക്കെടുത്തുന്നു

ചെങ്ങന്നൂർ: മുളക്കുഴ പത്താം വാർഡിലെ വെല്യകുന്ന് ഭാഗത്തെ റബർ തോട്ടത്തിൽ ഉണങ്ങിയ പുല്ലിനും അടിക്കാടിനും തീ പടർന്നുപിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ ഉച്ചക്ക് 2മണിയോടെയാണ് റബർ തോട്ടത്തിൽ തീ കണ്ടത്. നട്ടുച്ച നേരമായതിനാൽ മൂന്നേക്കർ വരുന്ന റബർ തോട്ടത്തിലും സമീപ പ്രദേശങ്ങളിലേക്കും തീ ആളിപ്പടർന്ന് വൻ നാശനഷ്ടം ഉണ്ടാകുമായിരുന്നു. തീ പടരുന്നത് കണ്ട ഉടൻതന്നെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുളക്കുഴ പഞ്ചായത്ത് അംഗം പ്രമോദ് കാരക്കാട് ചെങ്ങന്നൂർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ഉടൻതന്നെ ഇവർ സ്ഥലത്ത് എത്തിയെങ്കിലും റബർ തോട്ടത്തിലേക്ക് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല. എന്നാൽ സംഘം നാട്ടുകരുടെ സഹായത്തോടെ തീ ആളിപടരാതിരിക്കുവാനുളള മുൻകരുതൽ സ്വീകരിച്ചശേഷം തീതല്ലിക്കെടുത്തി. കരീലയും ഉണക്കപ്പുല്ലും നിറഞ്ഞ റബർ തോട്ടങ്ങളിൽ തീ പടരുന്നത് ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ വസ്തു ഉടമകൾ തന്നെ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.