തിരുവല്ല: സമൂഹത്തെ ആത്മീയ നവോത്ഥാനത്തിലേക്ക് നയിക്കാൻ കുമാരഗുരുദേവന്റെ ഇടപെടലുകൾക്ക് സാധിച്ചെന്ന് എഴുത്തുകാരൻ സണ്ണി എം.കപിക്കാട് പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 144-ാമത് ജന്മദിന മഹോൽസവത്തോടനുബന്ധിച്ച് ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടന്ന യുവജനസംഘം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനസംഘം വൈസ് പ്രസിഡന്റ് അജേഷ് കുമാർ .കെ അദ്ധ്യക്ഷനായി. സഭാ ജോ.സെക്രട്ടറി പി.രാജാറാം മുഖ്യപ്രഭാഷണം നടത്തി. യുവജനസംഘം ട്രഷറർ ശ്യാമ ജെ.എസ്, ജോ.സെക്രട്ടറി അശ്വതി സിജു, കേന്ദ്രസമിതി അംഗങ്ങളായ അജേഷ് കുമാർ പി.കെ.രാജീവ് കുമാർ പി.ആർ,അമൃത് ദേവ് എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് നാലിന് നെല്ലാട് ജംഗ്ഷനിൽ നിന്ന് ഭക്തിഘോഷയാത്ര നടക്കും. രാത്രി 8ന് പൊതുസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ആദിയർദീപം ജന്മദിന സപ്ലിമെന്റ് ആന്റോ ആന്റണി എം.പി പ്രകാശനം ചെയ്യും. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ എന്നിവർ പ്രസംഗിക്കും.