
മാരാമൺ : വരും തലമുറയെ മറന്നുള്ള പ്രകൃതിചൂഷണം വർദ്ധിച്ചുവരികയാണെന്ന് ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്. മാരാമൺ കൺവെൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളിലും ദുരന്തങ്ങൾക്കും മുമ്പിൽ പലപ്പോഴും മനുഷ്യൻ ദൈവസ്‌നേഹത്തിന്റെ അതിരുകളിടാൻ ശ്രമിക്കാറുണ്ട്. എന്നാൽ അവിടെയെല്ലാം മനുഷ്യൻ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള കരുതലും കരുണയും ദൈവത്തിൽ നിന്ന് ലോകം അനുഭവിച്ചുവരികയാണെന്ന് മാർ തെയോഫിലോസ് ചൂണ്ടിക്കാട്ടി.
വഴിതെറ്റിപ്പോകുന്നവനെ കരുണയോടെ പിന്തുടർന്ന് രൂപാന്തരത്തിലേക്കു തിരികെ കൊണ്ടുവരുന്ന ദൈവസ്‌നേഹം സമൂഹത്തിൽ നിന്നും പ്രകൃതിയിൽ നിന്നും തിരിച്ചറിയേണ്ട കാലഘട്ടമാണിത്.
ലോകത്തെ കഷ്ടം എന്നത് ഒരു പ്രപഞ്ച രഹസ്യമാണ്. മതിൽക്കെട്ടുകൾക്കും ജാതി ചിന്തകൾക്കപ്പുറം മനുഷ്യനെ ചിന്തിക്കാൻ പഠിപ്പിച്ചത് പ്രകൃതി ദുരന്തങ്ങളാണ്. ദൈവസ്‌നേഹത്തിന് അതിരുവയ്ക്കാൻ ജാതിമത ചിന്തകൾക്ക് കഴിയില്ല. അപരന്റെ വിശ്വാസത്തെ ആദരിക്കുവാൻ കഴിയുന്നവനാണ് യഥാർത്ഥ ദൈവസ്‌നേഹത്തെ തിരിച്ചറിയുന്നത്. മഹാപ്രളയത്തിന്റെ കാലഘട്ടത്തിൽ കേരളത്തിനു മുമ്പിൽ ഇതു പ്രകടമായ സാക്ഷ്യമായിട്ടുണ്ടായിരുന്നവെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. മുങ്ങിത്താഴുന്ന ജനത്തിനു രക്ഷപെടാനായി കുനിഞ്ഞു കൊടുത്ത സമൂഹം തങ്ങളെ ചവിട്ടി പോകുന്നവന്റെ ജാതിയോ മതമോ നോക്കിയില്ല. സകല ജനത്തിന്റെയും രക്ഷയാണ് ദൈവം ആഗ്രഹിക്കുന്നത്. സകല മനുഷ്യരോടും പ്രകൃതിയോടു ചേർന്നു ജീവിക്കാനുള്ള ആഹ്വാനമാണ് വിശ്വാസം പകരേണ്ടത്. ലോകത്തെ വീണ്ടെടുത്ത ദൈവീകസ്‌നേഹത്തിന്റെ അനുഭവം പകരേണ്ടത് വിശ്വാസികളുടെ കടമയാണ്. ദൈവത്തിൽ നിന്നകലുന്ന മനുഷ്യനെ പ്രകൃതിക്കും സംരക്ഷിക്കാനാകില്ല. മനുഷ്യന്റെ ദുഷ്പ്രവണതകളെ ന്യായീകരിക്കാൻ പലപ്പോഴും പ്രകൃതിക്കു പോലും കഴിയാത്ത സാഹചര്യമുണ്ടാകും. മനുഷ്യൻ ദൈവത്തിൽ നിന്നകന്നാൽ പ്രകൃതിയും താളംതെറ്റും. പ്രകൃതിയോടു ചേർന്നു ജീവിക്കേണ്ട മനുഷ്യൻ അതിൽ നിന്നു മാറിക്കഴിയുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതം രൂക്ഷമാകും. ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷതവഹിച്ചു.