ചെങ്ങന്നൂർ: ആദിപമ്പ, വരട്ടാർ പുനരുജ്ജീവനത്തിന്റെ ഭാഗമായി മണൽ വാരുന്നതിനെതിരെ ചെങ്ങന്നൂർ നഗരസഭ കൗൺസിൽ. നഗരസഭയുടെ പരിധിയിൽ വരുന്ന പ്രദേശത്തിന്റെ വ്യാപ്തി ബോദ്ധ്യപ്പെടുത്തുന്നതിനു കൈവശാവകാശസർട്ടിഫിക്കറ്റിനായി റവന്യു അധികൃതർക്കു കത്തു നൽകാനും തീരുമാനിച്ചു. മണൽ വാരുന്നത് തടയാൻ നിയമനടപടി സ്വീകരിക്കാൻ നഗരസഭാദ്ധ്യക്ഷയെ ചുമതലപ്പെടുത്തി അടിയന്തര കൗൺസിൽ കഴിഞ്ഞ മാസം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന വരട്ടാർ പുനരുജ്ജീവനത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനവേളയിൽ മന്ത്രി സജി ചെറിയാൻ നഗരസഭയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. പദ്ധതിക്ക് കൈയേറ്റക്കാർ എതിരു നിൽക്കുകയാണെന്നും പുനരുജ്ജീവന പ്രവർത്തനങ്ങൾ തടയുന്ന നഗരസഭ തങ്ങളുടെ നിലപാടിൽ നിന്നും പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കും പരിഗണന നൽകാതെ ഡ്രഡ്ജിംഗ് നടത്തുന്നതു വഴി ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ലഭിക്കുമെന്നു ഉറപ്പില്ലെന്നും കൗൺസിൽ മിനിറ്റ്‌സിൽ പറയുന്നു. നഗരസഭയുടെ ആസ്തിക്കു നഷ്ടമുണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചിരുന്നു. ഇടനാട് കൗൺസിലർ മനീഷ് കീഴാമഠത്തിൽ നൽകിയ കത്ത് പരിഗണിച്ചാണ് അജണ്ടയിൽ ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്തത്.