വള്ളിക്കോട്: ജനങ്ങൾക്ക് ഫലപ്രദമായി കുടിവെള്ള വിതരണം നടക്കാത്ത സാഹചര്യത്തിൽ, കൊടുമൺ-വള്ളിക്കോട്-അങ്ങാടിക്കൽ കുടിവെള്ള പ്ളാന്റിൽ നിന്ന് മാമ്മൂട് മിൽമ പ്ളാന്റിലേക്ക് വെള്ളം എത്തിക്കുന്ന വാട്ടർ അതോറിറ്റിക്കെതിരെ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി, ക്ഷീരവികസന വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകി. ജനങ്ങൾ കുടിവെള്ളത്തിനായി അലയുന്ന സാഹചര്യത്തിൽ നിലവിലുള്ള പൈപ്പ് ലൈനിൽ നിന്ന് മിൽമയ്ക്ക് വെള്ളം നൽകുന്നതിൽ പഞ്ചായത്ത് ഭരണസമിതിയോഗം പ്രതിഷേധിച്ചു. മിൽമയ്ക്ക് ഏകദേശം 15000ലിറ്റർ വെള്ളം ആവശ്യമാണ്. ഇത്രയും വെള്ളം കുടിവെള്ള വിതരണ പൈപ്പ്ലൈനിൽ നിന്ന് എടുത്താൽ ജനങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കും. കൈപ്പട്ടൂരിലെ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് മിൽമയ്ക്ക് വെള്ളം നൽകുക മാത്രമാണ് പോംവഴിയെന്ന് യോഗം ചൂണ്ടിക്കാട്ടി.