കോന്നി: അടുത്ത അദ്ധ്യയന വർഷം കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്ന് അന്റോ ആന്റണി എം.പി. നിർമ്മാണം നടക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യരോടൊപ്പം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംപി. മികച്ച സൗകര്യമുള്ള കെട്ടിടത്തിന്റെ പണികളാണ് പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. ഇൻഡോർ കോർട്ട്, മൾട്ടി പർപ്പസ് ഹാൾ, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയുൾപ്പെട്ട കെട്ടിടമാണ് നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ പറഞ്ഞു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, അംഗങ്ങളായ പി.വി.ജോസഫ്, ശോഭാ മുരളി, സിന്ധു സന്തോഷ്, കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ഇൻചാർജ് അലക്‌സ് ജോസ് തുടങ്ങിവരും ഒപ്പമുണ്ടായിരുന്നു.