
പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ കലുങ്ക് പുനർനിർമ്മാണത്തിനായി പൊളിച്ചപ്പോൾ അതിൽ നിറയെ പ്ലാസ്റ്റിക് കുപ്പികളും തുണികളും മദ്യക്കുപ്പികളും. ആറടിയോളം ഉയരത്തിലാണ് മാലിന്യക്കുപ്പികൾ കലുങ്കിൽ വന്ന് അടിഞ്ഞിരിക്കുന്നത്. ഇത് വാരിക്കളയാൻ തന്നെ സമയമെടുക്കും. റിംഗ് റോഡിൽ നിന്നുള്ള മാലിന്യങ്ങളെല്ലാം ഇതുവഴിയാണ് ഒഴുകി പോകുന്നത്. ചെറിയ മഴ പെയ്യുമ്പോൾ തന്നെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ വെള്ളക്കെട്ടുണ്ട്. ഇവിടെ രണ്ടടിയോളം ഉയരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
മേൽമൂടിയില്ലാത്ത ഓടകളിൽ നിക്ഷേപിക്കുന്ന മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളുമാണ് ഓടയിലൂടെ ഒഴുകി കലുങ്കിൽ അടിഞ്ഞത്. പഴകിയതുണികളും ഇക്കൂട്ടത്തിലുണ്ട്. തുണിക്കെട്ടുകളായും ലഭിച്ചിട്ടുണ്ട്. കുപ്പികളും തുണികളും മണലുമെല്ലാം അടിഞ്ഞ് കലുങ്ക് പൂർണമായും അടഞ്ഞിരിക്കുകയായിരുന്നു.
പണി വൈകാൻ സാദ്ധ്യത
കലുങ്കിൽ വെള്ളം ഒഴുകുന്ന ഭാഗത്ത് വലിയരീതിയിൽ കുപ്പിയും തുണിയും അടങ്ങിയ മാലിന്യങ്ങൾ അടിഞ്ഞിരിക്കുന്നതിനാൽ പണി വൈകാൻ സാദ്ധ്യതയുണ്ട്. നിലവിൽ കലുങ്കിന്റെ അടിവശം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 38 മീറ്ററോളം നീളമുണ്ട് കലുങ്കിന്. അത്രയും മാലിന്യം നീക്കം ചെയ്തതിന് ശേഷമേ പണി ആരംഭിക്കാൻ കഴിയു. ഇതിൽ 14.5 മീറ്റർ ആണ് പുനർനിർമ്മാണം നടത്തുന്നത്. കുപ്പികളും, തുണിക്കെട്ടുകളും മണ്ണുമായി ചേർന്ന് കട്ടപിടിച്ചിരിക്കുകയാണ്. ഇവ നീക്കം ചെയ്യാൻ സമയമെടുക്കും. കലുങ്കിനടിയിലായതിനാൽ ജെ.സി.ബി ഉപയോഗിക്കാൻ കഴിയില്ല. തൊഴിലാളികളെ ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിനേക്കാൾ പണി വൈകിയേക്കും. കലുങ്കിനടിയിലെ മാലിന്യം നീക്കം ചെയ്യുന്നത് ഏറെശ്രമകരമാണ്.
കലുങ്കിനടിയിൽ ഇത്രയധികം മാലിന്യം പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ബ്ലോക്ക് എവിടെയെങ്കിലും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ വലിയ രീതിയിൽ കുപ്പികളും തുണികളുമെല്ലാം കട്ടപിടിച്ചിരിക്കുകയാണ്.
പി.ഡബ്യൂ.ഡി അധികൃതർ