 
തിരുവല്ല: യാത്രക്കാരെ ദുരിതത്തിലാക്കി പന്നിക്കുഴി - വേങ്ങൽ പള്ളിപ്പടി റോഡിന്റെ നിർമ്മാണം ഇഴയുന്നു. വർഷങ്ങളായി റോഡ് തകർച്ചയുടെ ദുരിതം അനുഭവിച്ച ജനങ്ങൾ ഇപ്പോൾ റോഡ് നിർമ്മാണത്തിന്റെ പേരിലുള്ള ദുരിതമാണ് അനുഭവിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ റോഡ്, ഒന്നരമാസമായി ഉഴുതുമറിച്ചിട്ടപോലെ കിടക്കുകയാണ്.മെറ്റലും മറ്റും റോഡിൽ നിരന്നു കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുസഹമാണ്. വാഹനങ്ങളിൽ പോകാൻ സർക്കസ് കളിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. പന്നിക്കുഴി മുതൽ വേങ്ങൽ പള്ളിപ്പടിവരെ 2.5കിലോമീറ്റർ ദൂരമുണ്ട്. രണ്ടു ടെണ്ടറുകളായാണ് റോഡിന്റെ നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്. പെരിങ്ങര പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അനുവദിച്ച 10.50 ലക്ഷവും വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ അനുവദിച്ച 19.15 ലക്ഷവും ചെലവിട്ടാണ് റോഡ് നിർമ്മിക്കുന്നത്. ഇതിൽ പന്നിക്കുഴി മുതൽ തോട്ടാണിശേരിവരെ റോഡ് നിർമ്മാണം അടുത്തകാലത്ത് പൂർത്തിയായി. ബാക്കിയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് നിർമ്മാണം വൈകുന്നത്. ഇതുകാരണം പ്രദേശത്തെ നൂറിലേറെ കുടുംബങ്ങളും മറ്റു യാത്രക്കാരുമാണ് ദുരിതം അനുഭവിക്കുന്നത്.
റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ
മന്നംകരച്ചിറ, തോണിക്കടവ്, അഴിയിടത്തുചിറ, വേങ്ങൽ, കാവുംഭാഗം, ആലംതുരുത്തി, ഇടിഞ്ഞില്ലം എന്നീ സ്ഥലങ്ങളുമായെല്ലാം ബന്ധിപ്പിക്കുന്ന വഴിയാണ് പൊളിച്ചിട്ടിരിക്കുന്നത്.യാത്രാ തടസമുണ്ടാക്കുംവിധം റോഡിന്റെ വശങ്ങളിലെ കാടുകളും വളർന്ന് നിൽക്കുകയാണ്. കാലാവസ്ഥ അനുകൂലമായിട്ടും റോഡ് നിർമ്മാണം വൈകുന്നത് ജനങ്ങളുടെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.അതേസമയം ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞില്ലെന്നും റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.
............................
- ഫണ്ട് അനുവദിച്ചത് രണ്ട് ടെണ്ടറുകളിലായി
പഞ്ചായത്ത് ഭരണസമിതിയുടെ 10.50 ലക്ഷം
ദുരിതാശ്വാസ പദ്ധതിയിൽ നിന്ന് അനുവദിച്ച 19.15 ലക്ഷം