തിരുവല്ല: സാമൂഹ്യമേഖലയിൽ ജാതിവിവേചനവും അടിച്ചമർത്തലും വ്യത്യസ്തരൂപങ്ങളിലൂടെ തിരിച്ചുവരികയാണെന്നും നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്നും മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 144 -ാമത് ജന്മദിനത്തോടനുബന്ധിച്ച് ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടന്ന പി.ആർ.ഡി.എസ് എംപ്ളോയീസ് ആൻഡ് പെൻഷനേഴ്സ് ഫോറം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപ്ളോയീസ് ആൻഡ് പെൻഷനേഴ്സ് ഫോറം കൺവീനർ ടി.എസ് മനോജ് കുമാർ അദ്ധ്യക്ഷനായി. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. രവിവർമ്മ തമ്പുരാൻ മുഖ്യസന്ദേശം നൽകി. എംപ്ളോയീസ് ആൻഡ് പെൻഷനേഴ്സ് ഫോറം സെക്രട്ടറി കെ.കെ വിജയകുമാർ, ജോയിന്റ് സെക്രട്ടറി കെ.സി. സലിംകുമാർ എന്നിവർ പ്രസംഗിച്ചു.