പന്തളം: സംസ്ഥാനത്തുടനീളം ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം കൂടിയ ഐ.എം.എയുടെ പ്രവർത്തക സമിതി യോഗത്തിന്റേതാണ് തീരുമാനം.
ചികിത്സയ്ക്കിടെ രോഗാവസ്ഥകാരണം മരണങ്ങളുണ്ടായാൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. മിക്ക സംഭവങ്ങളിലും സാമൂഹ്യവിരുദ്ധരും രാഷ്ട്രീയക്കാരുമാണ് പ്രതികൾ. ചില സംഭവങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്. ഇതു തടയാൻ സർക്കാർ പരാജയപ്പെടുകയാണ്.
മിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യാൻ പൊലീസ് മടിക്കുന്നു. മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച കേസിലും ആലപ്പുഴ മെഡിക്കൽ കോളേജിൽ വനിതാ ഹൗസ് സർജനെ ആക്രമിച്ച കേസിലും പ്രതികളായ പൊലീസുകാരെ ഇതുവരെയും അറസ്റ്റു ചെയ്തിട്ടില്ല. പെരിന്തൽമണ്ണ ഇ.എം. എസ് ആശുപത്രിയിലുണ്ടായ ആക്രമണത്തിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിൽ മനഃപൂർവമായ കാലതാമസമാണുണ്ടായത്.
ഐ.എം.എ സെക്യൂരിറ്റി സ്‌കീം സംസ്ഥാന സെക്രട്ടറി ഡോ. എ .രാമലിംഗം, ഐ.എം.എ പത്തനംതിട്ട ജില്ലാ ചെയർമാൻ ഡോ. ടി.ജി. വർഗീസ്, അടൂർ ബ്രാഞ്ച് സെക്രട്ടറി ഡോ. നന്ദു സോമൻ, ട്രഷറർ ഡോ. എ. അരവിന്ദാക്ഷൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.