റാന്നി : നോളജ് വില്ലേജിന്റെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ അങ്കണവാടികളുടെ പ്രവർത്തന മികവ് ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച വിശദമായ മാർഗരേഖ തയാറാക്കും.ദീർഘമായ ഇടവേളയ്ക്കുശേഷം അങ്കണവാടികൾ തുറന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ പഠനത്തിനായി ഒരുക്കിയ സൗകര്യങ്ങളും തയാറെടുപ്പുകളും വിലയിരുത്താൻ പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം എം.എൽ.എ വ്യക്തമാക്കിയത്. ഇതിനായി ഈ മേഖലയിലെ അക്കാദമിക് വിദഗ്ധരെ പങ്കെടുപ്പിച്ച് അക്കാദമിക് വർക്ക് ഷോപ്പ് നടത്തും. നിയോജക മണ്ഡലത്തിലെ അങ്കണവാടികൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച വിശദമായ അവലോകനം യോഗത്തിൽ നടന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പരിമിതിയുള്ള അങ്കണവാടികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം ഉടൻ വിളിച്ചു ചേർക്കാനും തീരുമാനമായി. അങ്കണവാടി അദ്ധ്യാപകർക്ക് ശാസ്ത്രീയമായി പരിശീലനം തുടർച്ചയായി സംഘടിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്നും എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്.ഗോപി അദ്ധ്യക്ഷനായി. വനിതാ ശിശു വികസന ജില്ലാഓഫീസർ തസ്‌നീം , ജില്ലാ പ്രോഗ്രാം ഓഫീസർ നിഷാ നായർ, സ്മിത, ജാസ്മിൻ, ലത എന്നിവർ സംസാരിച്ചു.